ഇന്ന്​ മഞ്ഞക്കടലിരമ്പും

കോഴിക്കോട്​: ​ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബാൾ ഫൈനലിൽ മലയാളികളുടെ സ്വന്തം കേരള ബ്ലാ​​സ്​റ്റേഴ്​സ്​ കലാശപ്പോരിനിറങ്ങുന്ന ആവേശമാണ്​ നാടെങ്ങും. ബ്ലാസ്റ്റേഴ്സും ഹൈദരാബാദ് എഫ്.സിയും ഗോവയിൽ ഫൈനൽ കളിക്കുന്ന ഞായറാഴ്ച രാത്രി കോഴിക്കോടും ആവേശക്കൊടുമുടിയേറും. ഇതിനുള്ള ഒരുക്കങ്ങളിലാണ് ആരാധകർ. ഒന്നിച്ചിരുന്ന്​ കളികാണാൻ വിവിധ സംഘടനകളുടെയും സുഹൃദ്​സംഘങ്ങളുടെയും ആഭിമുഖ്യത്തിൽ സംവിധാനങ്ങളൊരുക്കിക്കഴിഞ്ഞു​. പലയിടത്തും വലിയ സ്ക്രീനുകളിൽ പ്രദർശനമുണ്ടാവും. രാത്രി 7.30ന് നടക്കുന്ന കലാശപ്പോര് ആവേശംചോരാതെ കാണുന്നതിന് നഗരത്തിൽ നൈനാംവളപ്പ് കോതി മിനി സ്റ്റേഡിയത്തിൽ കൂറ്റൻ എൽ.ഇ.ഡി സ്ക്രീൻ ഒരുക്കി​. ഫുട്‌ബാൾ പ്രേമികൾക്ക് ഒന്നിച്ചിരുന്ന് കാണുന്നതിനാണ് നൈനാംവളപ്പ് ഫുട്‌ബാൾ ഫാൻസ്‌ അസോസിയേഷൻ (എൻഫ) ഇൻഡോ ഇലക്ട്രിക് മാർട്ടിന്‍റെ സഹകരണത്തോടെ​ സൗജന്യ പ്രദർശനം. കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആരാധകകൂട്ടമായ മഞ്ഞപ്പടയും മത്സരം കാണാൻ നൈനാംവളപ്പിൽ എത്തും. മത്സരം കാണാൻ വരുന്നവർ കോവിഡ് പ്രോട്ടോകോൾ പാലിക്കണമെന്നും ബ്ലാസ്റ്റേഴ്‌സിന്റെ ജേഴ്‌സി അണിഞ്ഞുവരണമെന്നും എൻഫ പ്രസിഡന്‍റ്​ സുബൈർ നൈനാംവളപ്പ് അഭ്യർഥിച്ചു. സെമിയിൽ കോഴിക്കോട് ​ബീച്ചിൽ ഓപൺ എയർ സ്റ്റേജിൽ മഞ്ഞപ്പട ഫാൻ പാർക്ക് ഒരുക്കിയിരുന്നു. എന്നാൽ, സാങ്കേതിക കാരണങ്ങളാൽ ഞായറാഴ്ച ബീച്ചിൽ മഞ്ഞപ്പട ഫാൻ പാർക്ക് ഒരുക്കാൻ സാധിച്ചിട്ടില്ലെന്നാണ്​ ബന്ധപ്പെട്ടവരുടെ അറിയിപ്പ്​ പ്രചരിക്കുന്നത്​. മഞ്ഞപ്പട അംഗങ്ങളെ നൈനാംവളപ്പ് മിനി സ്റ്റേഡിയത്തിലേക്ക്​ ക്ഷണിച്ചിട്ടുള്ളതിനാൽ അവിടെയാവും കോഴിക്കോട്ടെ മുഖ്യ ആവേശം. ഞായറാഴ്ച രാവിലെ തന്നെ മിക്കയിടത്തും ആവേശം തുടങ്ങും. കഴിഞ്ഞ ചൊവ്വാഴ്ച ജാംഷഡ്​പുർ എഫ്​.സിയെ ബ്ലാസ്​റ്റേഴ്​സ്​​ സെമിയിൽ നേരിട്ടപ്പോൾ ബീച്ച് ​മഞ്ഞക്കടലായിരുന്നു. സ്​ത്രീകളും കുട്ടികളുമടക്കം ആയിരക്കണക്കിന്​ ആരാധകരാണ്​ അന്ന്​ നഗരത്തിൽ ഒഴുകിയത്​. ഗ്രാമങ്ങളിലും മറ്റു ടൗണുകളിലും വിവിധ ക്ലബുകളുടെ ആഭിമുഖ്യത്തിൽ ബിഗ് സ്ക്രീൻ സംവിധാനം ഒരുക്കിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.