വിയോജിക്കുന്ന മാധ്യമങ്ങളെ നിശ്ചലമാക്കാന്‍ ശ്രമം -മന്ത്രി ബിന്ദു

കോഴിക്കോട്: വിയോജിപ്പുകള്‍ പ്രകടിപ്പിക്കുന്ന മാധ്യമങ്ങളെ നിശ്ചലമാക്കാനുള്ള ശ്രമം രാജ്യം ഭരിക്കുന്നവരുടെ ഭാഗത്തുനിന്നുണ്ടാകുന്നുവെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദു. ഇതിനെയെല്ലാം അതിജീവിച്ചാണ് മാധ്യമപ്രവര്‍ത്തകര്‍ ജോലിചെയ്യുന്നത്. പാര്‍ശ്വവത്​കരിക്കപ്പെട്ടവരുടെ വാക്കിനെ വാള്‍മൂര്‍ച്ചയോടെ അധികാരികളിലെത്തിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് കഴിയണമെന്നും മന്ത്രി പറഞ്ഞു. കാലിക്കറ്റ് പ്രസ് ക്ലബ്​ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസം വിദ്യാര്‍ഥികളുടെ ബിരുദദാനം നിര്‍വഹിക്കുകയായിരുന്നു അവർ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ ആൻഡ്​ ജേണലിസത്തില്‍ രണ്ടു ബാച്ചുകളിലായി ഒന്നാം റാങ്ക് നേടിയ യു.ജി ആതിര, കെ. അശ്വതി എന്നിവര്‍ക്ക് മന്ത്രി സര്‍ട്ടിഫിക്കറ്റും സ്വര്‍ണ മെഡലും നല്‍കി. പ്രസ്‌ക്ലബ് പ്രസിഡന്റ് എം. ഫിറോസ്ഖാന്‍ അധ്യക്ഷത വഹിച്ചു. ഐ.സി.ജെ ഡയറക്ടര്‍ വി.ഇ. ബാലകൃഷ്ണന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മാതൃഭൂമി സീനിയര്‍ എക്‌സി. എഡിറ്റര്‍ വി. രവീന്ദ്രനാഥ്, ചന്ദ്രിക എഡിറ്റര്‍ കമാല്‍ വരദൂര്‍, മീഡിയവണ്‍ എക്‌സി. എഡിറ്റര്‍ പി.ടി. നാസര്‍, ദേശാഭിമാനി സീനിയര്‍ ന്യൂസ് എഡിറ്റര്‍ കെ. പ്രേമനാഥ്, ഇന്ത്യന്‍ എക്‌സ്​പ്രസ് സീനിയര്‍ അസി. എഡിറ്റര്‍ എം.പി. പ്രശാന്ത് എന്നിവര്‍ സംസാരിച്ചു. ഐ.സി.ജെ കണ്‍വീനര്‍ പി.എസ്. രാകേഷ് സ്വാഗതവും ട്രഷറര്‍ ഇ.പി. മുഹമ്മദ് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.