സ്വന്തം ലേഖകൻ കുറ്റ്യാടി: കുറ്റ്യാടി വലതുകര മെയിൻ കനാൽ തകർന്നു. പെരുവണ്ണാമൂഴിയിൽനിന്ന് ആരംഭിക്കുന്ന കനാൽ 6.300 കിലോമീറ്റർ പിന്നിടുന്ന മരുതോങ്കരയിലാണ് തിങ്കളാഴ്ച അർധരാത്രി റോഡടക്കം ഒഴുകിപ്പോയത്. 30 മീറ്ററോളം ഭൂമി ഒഴുകിപ്പോയി. കനാൽ തകർന്ന ഭാഗത്ത് വൻ ഗർത്തം രൂപപ്പെട്ടിട്ടുണ്ട്. തകർന്ന ഭാഗത്തുണ്ടായ അതിശക്തമായ വെള്ളപ്പാച്ചിലിൽ വലിയ മരങ്ങളും ഫലവൃക്ഷങ്ങളും കടപുഴകി. ഒരു വീടിന്റെയും കടയുടെയും അകത്ത് വെള്ളം കയറി. നാല് പേരുടെ കൃഷിഭൂമി കല്ലും മണ്ണും പതിച്ച് ഉഴുതുമറിച്ച പോലെയായി. വീട്ടുപറമ്പുകളിലും മുറ്റത്തും കൂട്ടിയിട്ട തേങ്ങകൾ ഒഴുകിപ്പോയി. കുറ്റ്യാടി മുള്ളൻകുന്ന് റോഡിൽ ജാനകിക്കാട് റോഡിന് സമീപമാണ് 30 അടി ഉയത്തിലുള്ള കനാൽ 10 മീറ്റർ നീളത്തിൽ തകർന്ന് വെള്ളം താഴേക്ക് ഒഴുകിയത്. കുന്നിൻമുകളിൽനിന്ന് വരുന്ന മഴവെള്ളം ഒഴുകിപ്പോകാൻ കനാലിന്റെ അടിഭാഗത്തുകൂടി നിർമിച്ച തുരങ്കത്തിന്റെ (യു.ടി) സ്ലാബ് തകർന്ന് കനാൽ അമർന്നുപോയതാണ് തകർച്ചക്ക് കാരണമെന്ന് ജലസേചന വകുപ്പ് അധികൃതർ പറഞ്ഞു. കനാലിന്റെ മേലെയും താഴെയും നിന്ന് വെള്ളം ഒന്നിച്ച് പൊട്ടിയ ഭാഗത്തുകൂടി താഴേക്കുപതിച്ചതാണ് നാശഷ്ടങ്ങൾ വർധിക്കാൻ കാരണം. തൊട്ടുതാഴെ കുളക്കാട്ടിൽ പുളിയത്ത് മൊയ്തുവിന്റെ അര ഏക്കർ സ്ഥലം ഉരുൾപൊട്ടിയ പ്രതീതിയാണ്. കനാലിന്റെ സൈഡ്ഭിത്തിയുടെ കരിങ്കല്ലുകൾ, സ്ലാബുകൾ എന്നിവ ഒഴുകിയെത്തി കനാൽ കരയിലെ രണ്ട് വൻമരങ്ങൾ കടപുഴകി. കാരേങ്കാട്ട് സജീവന്റെ വീട്ടിനകത്ത് അരയോളം വെള്ളം കയറി. കുടുംബത്തെ രക്ഷാപ്രവർത്തകർ മാറ്റിപ്പാർപ്പിച്ചു. വീടിനകത്തും മുറ്റത്തും വൻതോതിൽ മണ്ണും കല്ലും വന്നടിഞ്ഞ് കിണർ പൂർണമായി നികന്നു. സമീപത്ത് മുണ്ടേശ്വരത്ത് പ്രവീണിന്റെ പറമ്പിൽ കൂട്ടിയിട്ട നാലായിരത്തോളം തേങ്ങ ഒഴുകിപ്പോയി. കെ.പി. പ്രകാശന്റെ വയലോരം എന്ന കടയിൽ വെള്ളം കയറി റഫ്രിജറേറ്റർ, ഭക്ഷ്യ വസ്തുക്കൾ എന്നിവ നശിച്ചു. പ്രവീൺ, കേളോത്ത് കുഞ്ഞമ്മദ്, കുറ്റിയിൽ ഉമേഷ് എന്നിവരുടെ വീട്ടുപറമ്പുകളിലും ചളിയും മണ്ണും വന്നടിഞ്ഞു. ഉമേഷ്, കുറ്റിയിൽ കൃഷ്ണൻ എന്നിവരുടെ പറമ്പിൽനിന്ന് തേങ്ങകൾ ഒഴുകിപ്പോയി. പുലർച്ചയോടെ പട്ടാണിപ്പാറയിലുള്ള കനാലിന്റെ ഷട്ടർ അടച്ചതോടെയാണ് വെള്ളം ഒഴുക്ക് നിന്നത്. കുറ്റ്യാടി-മുള്ളൻകുന്ന് റോഡ് നൂറ് മീറ്ററോളം പുഴസമാനമായിരുന്നു. തൊട്ടിൽപാലം പൊലീസും നാദാപുരം അഗ്നിരക്ഷാസേനയും പ്രാദേശിക കൂട്ടായ്മകളും വെള്ളം തിരിച്ചുവിട്ടാണ് ദുരന്തത്തിന്റെ വ്യാപ്തി കുറച്ചത്. എം.എൽ.എമാരായ ഇ.കെ. വിജയൻ, കെ.പി. കുഞ്ഞമ്മദ്കുട്ടി, ജലസേചന വകുപ്പ് സൂപ്രണ്ടിങ് എൻജിനീയർ എസ്.കെ. രമേഷൻ, എക്സി. എൻജിനീയർ ജയരാജൻ കണിയേരി, ഡെപ്യൂട്ടി കലക്ടർ അനിതകുമാരി, താലൂക്ക് തഹസിൽദാർ കെ.കെ. പ്രസിൽ, ഡെപ്യൂട്ടി തഹസിൽദാർ വി.കെ. സുധീർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സജിത്ത്, വില്ലേജ് ഓഫിസർ ശ്രീജിത്ത് തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു. ഇ.കെ. വിജയൻ എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം കനാൽ പുനഃസ്ഥാപിക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. 50 വർഷം പഴക്കമുള്ള കനാൽ മേജർ അറ്റകുറ്റപ്പണി നടത്തണം. തകർന്ന ഭാഗത്ത് പൈപ്പുകളിട്ട് താൽക്കാലികമായി കനാൽ തുറക്കണമെന്നും ആവശ്യപ്പെട്ടു. വലതുകര മൈൻ കനാലിന് 34.27 കിലോമീറ്റർ ദൈർഘ്യമാണുള്ളത്. വടകര അഴിയൂർ വരെ വെള്ളം എത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.