വികസനം തുണക്കുമെന്ന പ്രതീക്ഷയിൽ എൽ.ഡി.എഫ്; സർവം മായയെന്ന് യു.ഡി.എഫ്

ബേപ്പൂർ: രാഷ്ട്രീയ കേരളത്തിൽ ഏറെ വിവാദങ്ങൾക്ക് വഴിവെച്ച ബേപ്പൂർ നിയോജക മണ്ഡലം ഇടത്തോട്ട് മാത്രം ചാഞ്ഞ് നിൽക്കുന്ന ചുവപ്പ് കോട്ടയായാണ് അറിയപ്പെടുന്നത്. 1977ൽ ഒരിക്കൽ മാത്രം നേരിയതോതിൽ വലത്തോട്ട് മാറിയെങ്കിലും അതിന് ആയുസ്സ് കുറവായിരുന്നു. നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ മണ്ഡലത്തിലെ മത്സരചിത്രം വ്യക്തമാണ്. മന്ത്രി പി.എ. മുഹമ്മദ് റിയാസ് വീണ്ടും കളത്തിലിറുങ്ങുമ്പോൾ, രണ്ട് തവണ എൽ.ഡി.എഫ് പിന്തുണയിൽ നിലമ്പൂരിൽനിന്നും നിയമസഭയിലെത്തിയ പി.വി. അൻവർ ഒരു പോരാളിയുടെ മട്ടിൽ പിണറായിസത്തെയും മരുമോനിസത്തെയും ഇല്ലാതാക്കാനാണെന്ന വാദമുയർത്തി എം.എൽ.എ സ്ഥാനം രാജിവെച്ച് ബേപ്പൂരിൽ യു.ഡി.എഫ് ബാനറിൽ പോരിനിറങ്ങാൻ തീരുമാനിച്ചതോടെ മണ്ഡലത്തിലെ തെരഞ്ഞെടുപ്പാവേശം ഉച്ചിയിലായി. അൻവറിന്റെ സ്ഥാനാർഥിത്വത്തോടെ ജനശ്രദ്ധയാകർഷിച്ച മണ്ഡലമായി ബേപ്പൂർ മാറിക്കഴിഞ്ഞു.

മന്ത്രിപ്രഭയിൽ വികസന മുന്നേറ്റം

രണ്ടാം പിണറായി സർക്കാറിന് ഭരണതുടർച്ച കിട്ടിയപ്പോൾ പുതുമുഖ മന്ത്രിമാരിൽ റിയാസിന് അവസരം കിട്ടുകയും പൊതുമരാമത്ത് ടൂറിസം മന്ത്രിയായി പ്രധാന വകുപ്പ് തന്നെ കിട്ടിയതും മണ്ഡലത്തിന് ഏറെ പ്രതീക്ഷയുണ്ടാക്കി. മന്ത്രിയെന്ന നിലയിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടിയാണ് വീണ്ടും ജനവിധി തേടാൻ റിയാസ് ഇറങ്ങിയത്. ഉത്തരവാദിത്ത ടൂറിസം പദ്ധതിയിൽ ബേപ്പൂരിനെ ഉൾപ്പെടുത്തി മേഖലയിൽ നിരവധി പദ്ധതികൾ കൊണ്ടുവന്നതും, ചെറുവണ്ണൂർ മേൽപാലത്തിന്റെ നിർമാണ പുരോഗതി അവസാന ഘട്ടത്തിലെത്തിയതും, കിഫ്ബി ഫണ്ട് ഉപേയാഗിച്ച് മണ്ഡലത്തിലെ വിവിധ റോഡുകളും സ്കൂൾ കെട്ടിടങ്ങളും നിർമിച്ചതും, അഞ്ച് സീസണുകളിലായി അന്താരാഷ്ട്ര ജലമേള സംഘടിപ്പിച്ചതും ടൂറിസം ഭൂപടത്തിൽ ബേപ്പൂരിനെ അടയാളപ്പെടുത്താൻ സാധിച്ചതും റിയാസ് ഉയർത്തിക്കാട്ടുന്നു.

ഇതോടെ നിരവധി തൊഴിൽ അവസരങ്ങളും, അംഗീകാരവും ബേപ്പൂരിനെ തേടിയെത്തിയതും, ബേപ്പൂർ തുറമുഖത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന് കഴിഞ്ഞ ബജറ്റിൽ 100 കോടിയോളം രൂപ നീക്കിവെച്ചതും, ഫറോക്കിലെ പഴയതും പുതിയതുമായ പാലങ്ങൾ അറ്റകുറ്റപ്പണി ചെയ്ത് ദീപാലങ്കാരം നടത്തി മോടി പിടിപ്പിച്ചതും, അരീക്കാട് പുതിയ പാലത്തിന് ഭരണാനുമതി കിട്ടിയതും, ചെറുവണ്ണൂർ - വട്ടക്കിണർ റോഡുകളെ ബന്ധിപ്പിക്കുന്ന ബി.സി റോഡ് നാലുവരി പാതയാക്കി മാറ്റുന്നതിന് റീ ടെൻഡർ നടപടികൾ ആരംഭിച്ചതും ഫറോക്ക് ചുങ്കത്ത് മിനി സിവിൽ സ്റ്റേഷൻ കെട്ടിടം നിർമിച്ചതും, ഫറോക്ക് ചന്തക്കടവിലെ താലൂക്ക് ആശുപത്രിയിൽ പുതിയ കെട്ടിടം നിർമിച്ചതും എൽ.ഡി.എഫ് എടുത്തുപറയുന്നു. വികസന പ്രവർത്തനങ്ങൾക്ക് മണ്ഡലത്തിന് മാത്രം തൊള്ളായിരം കോടിയോളം രൂപ ചെലവഴിച്ചതായും അവർ വ്യക്തമാക്കുന്നു.

ഊതിവീർപ്പിച്ചതെന്ന് യു.ഡി.എഫ്

എന്നാൽ, പഴയ ചരിത്രത്തിനും കണക്കിനും കാര്യമില്ലെന്നും, ഊതിവീർപ്പിച്ച വികസനത്തിൽ ജനങ്ങൾ വിശ്വസിക്കില്ലെന്നും ഇടതിന് എതിരായ ഒരു അടിയൊഴുക്ക് മണ്ഡലത്തിലാകെ ഉണ്ടെന്നും അത് തങ്ങൾക്ക് അനുകൂലമാണെന്നും യു.ഡി. എഫ് നേതൃത്വവും അൻവറും ചൂണ്ടിക്കാട്ടുന്നു. നിലമ്പൂരിൽനിന്നും പിണറായിസത്തിനെതിരെയും, പൊലീസിലെ ആർ.എസ്.എസ് വത്കരണത്തിനെതിരെയും, വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ച് രംഗത്തു വന്ന അൻവർ എൽ.ഡി.എഫ് കൂടാരം വിട്ട് ബേപ്പൂരിന്‍റെ മണ്ണിലേക്ക് പോരാട്ടവീര്യവുമായി വന്നത് മുതൽ ഇടത് കേന്ദ്രങ്ങളിൽ നെഞ്ചിടിപ്പ് കൂടിയതായാണ് പ്രതികരണം.

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം ഇടതിനെ സംബന്ധിച്ചിടത്തോളം അത്ര ആശാവഹമല്ല. മന്ത്രിയും ഇടതുപക്ഷവും കൊട്ടിഗ്ഘോഷിക്കുന്ന തരത്തിലുള്ള അടിസ്ഥാന വികസനം ഉണ്ടായിട്ടില്ലെന്ന് അൻവർ സമർഥിക്കുന്നു. മണ്ഡലത്തിൽ എസ്.എസ്.എൽ.സി പരീക്ഷ പാസാകുന്ന വിദ്യാർഥികൾക്ക് പ്ലസ് വണ്ണിന് മതിയായ സീറ്റില്ലാത്തതും, ഉപരിപഠനത്തിനാവശ്യമായ ഗവ. കോളജ് സ്ഥാപിക്കാൻ മന്ത്രിക്ക് കഴിഞ്ഞില്ലെന്നും, ബേപ്പൂരിലും ചാലിയത്തും അടിസ്ഥാന വികസനം കൊണ്ടുവരാൻ കഴിയുന്ന ചാലിയം - ബേപ്പൂർ മേൽപാലം നടപ്പാക്കാനും മന്ത്രിക്ക് സാധിച്ചില്ലെന്നും അവർ കുറ്റപ്പെടുത്തുന്നു. പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ഏക തൊഴിൽ മേഖലയായ ചാലിയം ഫിഷ്ലാൻഡ് നിർമാണ പദ്ധതി അനിശ്ചിതത്വത്തിലാണ്. ബജറ്റിൽ പണം വകയിരുത്തൽ അല്ലാതെ ബേപ്പൂർ തുറമുഖത്തിന്റെ അടിസ്ഥാന വികസനം സാധ്യമായില്ല.

തുറമുഖത്ത് സുരക്ഷിതമായ ഗോഡൗൺ സൗകര്യം ഇല്ല. കാപിറ്റൽ ഡ്രഡ്ജിങ് സമയാസമയങ്ങളിൽ നടത്താൻ സ്ഥിര സംവിധാനം ഇല്ലാത്തത് കാരണം വലിയ കപ്പലുകൾ തുറമുഖത്തേക്ക് അടുക്കുന്നില്ല. തുറമുഖത്ത് കാലപ്പഴക്കം ചെന്ന ക്രെയിനുകൾ മാറ്റി ആധുനിക രീതിയിലുള്ള ക്രെയിൻ സ്ഥാപിക്കുന്നത് സ്വപ്ന പദ്ധതിയായി നിലനിൽക്കുന്നു. നൂറുകണക്കിന് മത്സ്യബന്ധന ബോട്ടുകൾ ദിനേന വന്നുപോകുന്ന ഫിഷിങ് ഹാർബറിന്‍റെ അവസ്ഥയും ശോചനീയമാണ്. തൊഴിലാളികൾക്ക് കുടിവെള്ളമോ, പ്രാഥമിക കർമങ്ങൾ നിർവഹിക്കാനുള്ള സൗകര്യമോ ഹാർബറിൽ ഇല്ല. ഫറോക്ക് താലൂക്ക് ആശുപത്രിക്ക് പുതിയ കെട്ടിടം നിർമിച്ചെങ്കിലും, ആവശ്യത്തിന് ഡോക്ടർമാരെയും ജീവനക്കാരെയും നിയമിക്കാത്തത് കാരണം നൂറുകണക്കിന് രോഗികൾ പ്രയാസത്തിലാണ്. ആയിരക്കണക്കിന് തൊഴിലാളികൾ ആശ്രയിക്കുന്ന ഫറോക്കിലെ ഇ.എസ്.ഐ റഫറൽ ആശുപത്രിയിൽ ജീവനക്കാരെ നിയമിക്കാത്തത് കാരണം ഇ.സി.ജി എക്സ്റേ ഉൾപ്പെടെ വിലപിടിപ്പുള്ള മെഷീനുകൾ രോഗികൾക്ക് ഒരു ഉപകാരവുമില്ലാതെ പൊടിപിടിച്ച് കിടക്കുന്നത് പി. വി. അൻവറിന്റെ സത്യാന്വേഷണ യാത്രയിൽ ബോധ്യപ്പെട്ടു. മണ്ഡലത്തിലെ ഏക പൊതുമേഖല സ്ഥാപനമായ സ്റ്റീൽ കോംപ്ലക്സിന്‍റെ വിൽപനയിൽ കോടിക്കണക്കിന് രൂപയുടെ അഴിമതി നടന്നതായും അവർ ആരോപിക്കുന്നു.

പൊതുമരാമത്ത് മന്ത്രിയെന്ന നിലയിൽ സംസ്ഥാനത്ത് ഒട്ടാകെ നടത്തുന്ന വികസന പ്രവർത്തനങ്ങളുടെ ഭാഗമായി നടക്കുന്ന സാധാരണ വികസനമല്ലാതെ കൊട്ടിഗ്ഘോഷിക്കാനുള്ള വികസനമൊന്നും ഇല്ലെന്നാണ് യു.ഡി.എഫ് പക്ഷം. ഭരണവിരുദ്ധ തരംഗത്തിന്റെ പ്രതിഫലനം ബേപ്പൂരിലും ദൃശ്യമാണെന്നും അത് തങ്ങൾക്കനുകൂലമാകുമെന്നും യു.ഡി.എഫ് കണക്കുകൂട്ടുന്നു. ചുവപ്പ് കോട്ട നിലനിർത്താൻ റിയാസും എന്തു വില കൊടുത്തും റിയാസിനെ പരാജയപ്പെടുത്തുമെന്ന വാശിയിൽ അൻവറും പടക്കളത്തിലിറങ്ങുമ്പോൾ ബേപ്പൂരിന്റെ തെരഞ്ഞെടുപ്പ് ഗോദയിൽ അത് തീപാറും പോരാട്ടമായി മാറും. മോദിഭരണത്തിന്റെ വികസന നേട്ടങ്ങൾ തങ്ങളുടെ വോട്ട് ബാങ്കിൽ വർധന ഉണ്ടാക്കുമെന്ന പ്രതീക്ഷയിൽ എൻ.ഡി.എ സ്ഥാനാർഥി അഡ്വ. കെ.പി. പ്രകാശ് ബാബുവും അങ്കത്തിനിറങ്ങും.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.