യുക്രെയ്നിലെ ഓർമകളുമായി വിദ്യാർഥികൾ നാട്ടിൽ

നാദാപുരം: യുദ്ധം ശക്തമായ യുക്രെയ്നിൽനിന്ന് രക്ഷപ്പെട്ട് മലയാളി വിദ്യാർഥികൾ നാട്ടിൽ തിരിച്ചെത്തി. മറക്കാനാകാത്ത അനുഭവങ്ങളാണ് ഒരാഴ്ചകൊണ്ട് നൽകിയതെന്ന് നാട്ടിൽ തിരിച്ചെത്തിയ വിദ്യാർഥികൾ പറഞ്ഞു. കല്ലാച്ചി ജാതിയേരി സ്വദേശി ഷിനാൻ റഷീദ്, കുമ്മങ്കോട്ടെ ചാലിൽ റുഫ്ന, മുതുവടത്തൂരിലെ കളിയൻപുറത്ത് റമിൻ ഷൈബ് എന്നിവരാണ് കഴിഞ്ഞ ദിവസം നാട്ടിൽ എത്തിയത്. യുക്രെയ്നിലെ സഫ്രോഷ്യ മെഡിക്കൽ യൂനിവേഴ്സിറ്റിയിലെ നാലാം വർഷ എം.ബി.ബി.എസ് വിദ്യാർഥിയാണ് ഷിനാൻ റഷീദ്. യുദ്ധം തുടങ്ങിയതു മുതൽ കോളജിൽതന്നെ ഏഴു ദിവസത്തോളം ബങ്കറിൽ കഴിയേണ്ടി വന്നു. ഭക്ഷണം കരുതിയതിനാൽ തുടക്കത്തിൽ പ്രയാസം ഉണ്ടായിരുന്നില്ല. പിന്നീട് വെള്ളത്തിനും ഭക്ഷണത്തിനും ഏറെ പ്രയാസപ്പെട്ടു. ഇന്ത്യൻ എംബസിയിൽനിന്ന് അറിയിപ്പ് ലഭിച്ച ശേഷം ടാക്സിയിൽ റെയിൽവേ സ്റ്റേഷനിൽ എത്തി. ശേഷം ട്രെയിനിൽ 33 മണിക്കൂർ യാത്രക്കുശേഷം ഹംഗറിയുടെ അതിർത്തിയിൽ എത്തുകയായിരുന്നുവെന്ന് ഷിനാൻ റഷീദ് പറഞ്ഞു. അവിടെനിന്ന് ചാർട്ടേഡ് വിമാനത്തിൽ കൊച്ചിയിൽ എത്തി. എന്നാൽ, തുടർ പഠനത്തിനുള്ള മാർഗമാണ് ഇനി വേണ്ടതെന്നും ഇതിനായി കേന്ദ്ര സർക്കാർ സഹായം ഉണ്ടാകുമെന്നുള്ള പ്രതീക്ഷയിലാണ് ഈ കുടുംബം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.