കസ്റ്റഡി മരണം; സർക്കാർ ഇരുട്ടിലാണെന്ന് പ്രതിപക്ഷനേതാവ്

കണ്ണൂര്‍: തിരുവല്ലത്തെ യുവാവ് കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാതെയും പ്രാഥമിക നടപടിക്രമങ്ങള്‍ പാലിക്കാതെയും സര്‍ക്കാര്‍ ഇരുട്ടില്‍ നില്‍ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊലപാതകമാണെന്നാണ് ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും പറയുന്നത്. കസ്റ്റഡി മരണങ്ങള്‍ ഉണ്ടായാല്‍ നിയമപരമായ നടപടിക്രമങ്ങള്‍ പാലിച്ച് കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുകയാണ് വേണ്ടത്. തെറ്റുചെയ്തവരെ നിയമത്തിനുമുന്നില്‍ കൊണ്ടുവന്ന് ശിക്ഷിക്കുകയാണ് വേണ്ടത്. പൊലീസിന് ശിക്ഷിക്കാനുള്ള അധികാരം ആരും നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഡി.സി.സി പുനഃസംഘടനയുമായി ബന്ധപ്പെട്ട് ചില എം.പിമാര്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ പരാതി ഉന്നയിച്ചിട്ടുണ്ട്. അതുകൂടി പരിശോധിച്ച് വേണ്ടരീതിയില്‍ നടപടിയെടുക്കണമെന്ന് കേന്ദ്ര നേതൃത്വം സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവരെ വിശ്വാസത്തിലെടുത്ത് എല്ലാവര്‍ക്കും തൃപ്തിവരുന്ന രീതിയില്‍ പുനഃസംഘടന പൂര്‍ത്തിയാക്കും. പരാതികള്‍ പൂര്‍ണമായും പരിഹരിക്കും. നിയമസഭാ കക്ഷി നേതാവെന്ന നിലയില്‍ ഇതിന് എല്ലാ പിന്തുണയും നല്‍കുമെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിന് ഉറപ്പുനല്‍കിയിട്ടുണ്ട്. സംഘടനാ സംവിധാനം വേണ്ടരീതിയില്‍ ചലിക്കാത്തതാണ് തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണമെന്ന് കണ്ടെത്തിയിരുന്നു. ജംബോ കമ്മിറ്റികളായിരുന്നു ഇതിനു കാരണം. ഇതേത്തുടര്‍ന്നാണ് ഭാരവാഹികളുടെ എണ്ണം കുറയ്ക്കണമെന്ന നിർദേശം മുന്നോട്ടു​െവച്ചത്. ആ നിർദേശത്തിന് പാര്‍ട്ടി അനുമതി നല്‍കിയിട്ടുണ്ട്. എണ്ണം കുറയ്ക്കുമ്പോഴുണ്ടാകുന്ന പ്രശ്‌നങ്ങളാണ് നിലവിലുള്ളത്. ഒഴിവാക്കപ്പെടുന്നവര്‍ക്ക് മറ്റു ചുമതലകള്‍ നല്‍കും. പോക്കറ്റില്‍നിന്നു കടലാസെടുത്ത് ഇതാണ് തീരുമാനം എന്ന് പറയാന്‍ പറ്റുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസ്. പുനഃസംഘടന പൂര്‍ത്തിയാക്കാന്‍ കെ.പി.സി.സി അധ്യക്ഷന് എല്ലാ സഹായവും നല്‍കുമെന്നും സിൽവർ ലൈനുമായി ബന്ധപ്പെട്ട് 14 ജില്ലകളിലും കെ.പി.സി.സി നേതൃത്വത്തിൽ മാര്‍ച്ച് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.