ലക്ഷദ്വീപ് യാത്രാപ്രശ്‍നം ഉടൻ പരിഹരിക്കണം -കേരള പ്രവാസി സംഘം

ഫറോക്ക്: ദ്വീപിലേക്കുള്ള കപ്പൽ സർവിസ് നിർത്തലാക്കിയതിനെ തുടർന്ന് ദ്വീപ് നിവാസികൾ ദുരിതത്തിലാണെന്നും ലക്ഷദ്വീപ് യാത്രാപ്രശ്‍നം ഉടൻ പരിഹരിക്കണമെന്നും കേരള പ്രവാസി സംഘം അധികൃതരോട് ആവശ്യപ്പെട്ടു. ഏഴു കപ്പലുകൾ സർവിസ് നടത്തിയിരുന്ന ലക്ഷദ്വീപിലേക്ക് നിലവിൽ ഒരു കപ്പൽ മാത്രമാണ് സർവിസ് നടത്തുന്നത്. ഇതു കാരണം വിദ്യാർഥികളും രോഗികളുമുൾപ്പെടുന്ന, ആയിരക്കണക്കിനു ദ്വീപ് നിവാസികൾ യാത്ര ചെയ്യാൻ ബുദ്ധിമുട്ടുകയാണ്. മണിക്കൂറുകളോളം ടിക്കറ്റ് കൗണ്ടറിന് മുന്നിൽ ക്യൂ നിൽക്കുന്ന ദ്വീപ് നിവാസികളെ ഓരോരോ കാരണങ്ങൾ പറഞ്ഞു തിരിച്ചയക്കുകയാണ് അധികൃതർ. കപ്പൽ അപകടത്തിൽ പെട്ടതായും, സിസ്റ്റം പ്രവർത്തിക്കില്ലെന്നും കളവ് പറഞ്ഞാണ് അധികാരികൾ ദ്വീപ് നിവാസികളോട് ക്രൂരത കാട്ടുന്നത്. രണ്ടാഴ്ചക്കുള്ളിൽ മുഴുവൻ കപ്പലുകളും ഗതാഗതം പുനഃസ്ഥാപിച്ചില്ലെങ്കിൽ ശക്തമായ സമരത്തിനൊരുങ്ങുകയാണ് ദ്വീപ് ജനത. കപ്പൽ ഗതാഗതം പൂർണമായും പുനഃസ്ഥാപിച്ചു രോഗികളും വിദ്യാർഥികളും ചെറുകിട വ്യാപാരികളുമടങ്ങുന്ന ലക്ഷദ്വീപുനിവാസികളുടെ ദുരിതത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോഴിക്കോട് ലക്ഷദ്വീപ് അതോറിറ്റി ഓഫിസിലേക്ക് പ്രതിഷേധ മാർച്ച് നടത്തുമെന്ന് കേരള പ്രവാസിസംഘം കോഴിക്കോട് ജില്ല സെക്രട്ടറി സി.വി. ഇഖ്ബാൽ, പ്രവാസി സംഘം ഫറോക്ക് ഏരിയ സെക്രട്ടറി സി.കെ. പ്രകാശൻ, പ്രസിഡന്റ്‌ ജലീൽ ചാലിൽ എന്നിവർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.