ഭരണസമിതി യോഗത്തിനിടെ പഞ്ചായത്ത് പ്രസിഡന്റ് ഇറങ്ങിപ്പോയെന്ന് യു.ഡി.എഫ്

കടലുണ്ടി: ഭരണസമിതി യോഗം നടക്കുന്നതിനിടെ പഞ്ചായത്ത് പ്രസിഡന്റ് ഇറങ്ങിപ്പോയെന്ന് യു.ഡി.എഫ് ആരോപണം. വെള്ളിയാഴ്ച കടലുണ്ടി ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗം നടക്കുന്നതിനിടെയാണ് പഞ്ചായത്ത് പ്രസിഡന്റ് വി. അനുഷ ഇറങ്ങിപ്പോയത്. വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ സ്റ്റാൻഡിങ് കമ്മിറ്റി തീരുമാനങ്ങൾ ഭരണസമിതിയിൽ അവതരിപ്പിച്ച്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ടി. സുഷമ യോഗതീരുമാനങ്ങൾ ഭരണസമിതി യോഗത്തിൽ വായിക്കുന്ന സമയത്താണ് പഞ്ചായത്ത് പ്രസിഡന്റ് ക്ഷുഭിതയായി ഇറങ്ങിപ്പോയതെന്ന് പ്രതിപക്ഷം ആരോപിച്ചു. അധ്യക്ഷ ഇല്ലാതെ ഭരണസമിതി യോഗം തുടർന്നുകൊണ്ടുപോകാൻ സാധിക്കില്ലെന്ന് അറിയിച്ച് ഭരണസമിതി -പ്രതിപക്ഷ അംഗങ്ങളും യോഗത്തിൽനിന്ന് ഇറങ്ങിപ്പോയി. പഞ്ചായത്ത് ഭരണസമിതി യോഗത്തിലെ അസാധാരണ സംഭവങ്ങളിൽ പ്രതിഷേധിച്ച് യു.ഡി.എഫ് അംഗങ്ങൾ സെക്രട്ടറിക്ക് പരാതി നൽകി. മുൻ അജണ്ടകൾ ചർച്ച ചെയ്യുന്ന സമയത്ത് ഭരണ പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ രൂക്ഷമായ വാദപ്രതിവാദങ്ങൾ ഉണ്ടാവുകയും ഇതിൽ പ്രകോപിതയായാണ് യോഗത്തിലെ അധ്യക്ഷയായിരുന്ന പഞ്ചായത്ത് പ്രസിഡന്റ് ഇറങ്ങിപ്പോയെതെന്നും യു.ഡി.എഫ് അംഗം ഷാഹിദ് കടലുണ്ടി പറഞ്ഞു. എന്നാൽ, യോഗനടപടികൾ പൂർത്തിയാക്കിയതിന് ശേഷമാണ് പുറത്തേക്ക് പോയതെന്നും മുഴുവൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരുടെയും അവരുടെ സ്റ്റാൻഡിങ് കമ്മിറ്റി തീരുമാനങ്ങൾ വായിച്ചതിനു ശേഷമാണ് താൻ ഹാൾ വിട്ടതെന്നും കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. അനുഷ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.