തണ്ണീർത്തടങ്ങൾ നികത്തുന്നതിൽ ഒത്തുകളിയെന്ന്​ ബി.ജെ.പി

കോഴിക്കോട്: ദേശീയപാത വീതികൂട്ടുന്നതിന്റെ മറവില്‍ തണ്ണീര്‍ത്തടങ്ങൾ നികത്തുന്നതിനെതിരെ ശക്തമായ നിയമനടപടി വേണമെന്ന്​ ബി.ജെ.പി ജില്ല പ്രസിഡന്‍റ് വി.കെ. സജീവന്‍ വാർത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഭൂമാഫിയയോടൊപ്പം അന്തിയുറങ്ങുകയും പ്രദേശവാസികളോടൊപ്പം സമരത്തിനിറങ്ങുകയും ചെയ്യുന്ന സി.പി.എം നിലപാട് വിലപ്പോവില്ല. ഭരണപക്ഷ-ഉദ്യോഗസ്ഥ- ഭൂമാഫിയ ഒത്തുകളിയായതിനാലാണ്​ നടപടികള്‍ വൈകുന്നതെന്നും വി.കെ. സജീവന്‍ കുറ്റപ്പെടുത്തി. മണ്ണിട്ടവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പനുസരിച്ച് കേസെടുക്കണം. പാച്ചാക്കില്‍ ഭാഗത്ത് നീരൊഴുക്ക് തടയുന്ന രീതിയില്‍ മണ്ണിട്ട് നികത്തിയത് ശ്രദ്ധയിൽപെടുത്തിയിട്ട് ഒരുമാസം കഴിഞ്ഞിട്ടും നീക്കംചെയ്തിട്ടില്ല. മലാപ്പറമ്പ് മുതല്‍ രാമനാട്ടുകര വരെ ഇത്തരത്തില്‍ വ്യാപകമായി നിലംനികത്തല്‍ ശ്രമം നടക്കുന്നുണ്ടെന്ന്​ സജീവൻ പറഞ്ഞു. ജില്ല സെക്രട്ടറി പ്രശോഭ് കോട്ടൂളി, വൈസ് പ്രസിഡൻറ് ഹരിദാസ് പൊക്കിണാരി, കോർപറേഷൻ ചേവരമ്പലം കൗൺസിലർ സരിത പറയേരി എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. അധികാരികളുടെ നിഷേധാത്മക നിലപാടിനെതിരെ നോർത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ താലൂക്ക് ഓഫിസ് മാർച്ച് നടത്തി. വി.കെ. സജീവൻ ഉദ്ഘാടനം ചെയ്തു. സബിത പ്രഹ്ലാദൻ അധ്യക്ഷത വഹിച്ചു. ഇ. പ്രശാന്ത്കുമാർ, സതീഷ് പാറന്നൂർ, കെ. ജിതിൻ, പി. രജിത് കുമാർ, ഹരീഷ് മലാപ്പറമ്പ് തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.