കലക്ടറേറ്റിൽ തട്ടിപ്പിന്​ ശ്രമം: യുവതിക്കെതിരെ അന്വേഷണമാരംഭിച്ചു

കോഴിക്കോട്​: കലക്ടറേറ്റിലെ എ.ഡി.എമ്മിന്‍റെ ഓഫിസും സർക്കാർ സംവിധാനങ്ങളും ദുരുപയോഗം ചെയ്​തെന്ന പരാതിയിൽ യുവതിക്കെതി​രെ പൊലീസ്​ അന്വേഷണം ആരംഭിച്ചു. ബാലുശ്ശേരി സ്വദേശിനി സ്മിതക്കെതിരെയാണ്​ അന്വേഷണം പുരോഗമിക്കുന്നത്​. എ.ഡി.എം സി. മുഹമ്മദ്​ റഫീഖിന്‍റെ പരാതിയിൽ വ്യാഴാഴ്ചയാണ്​ ഇവർക്കെതിരെ കേ​സെടുത്തത്​. യുവതി സർക്കാർ ജോലി വാഗ്ദാനം ചെയ്ത്​ യുവാവിൽനിന്ന് ​മൂന്നരലക്ഷം തട്ടിയതായി പരാതി ഉയർന്നിരുന്നു. കലക്ടറേറ്റിൽ ജോലി വാഗ്ദാനം ചെയ്താണ്​ തട്ടിപ്പ്​ നടത്തിയതെന്നാണ്​ കണ്ണൂർ തളിപ്പറമ്പ്​ സ്വദേശി ഉദ്യോഗസ്ഥർക്ക്​ മൊഴി നൽകിയത്. എന്നാൽ, യുവാവ്​ പരാതി നൽകാൻ കൂട്ടാക്കിയിട്ടില്ല. അതിനാൽ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണത്തിലേക്ക്​ പൊലീസ്​ കടന്നിട്ടില്ല. യുവതിക്കെതിരെ നേരത്തെയും ആരോപണങ്ങളുയർന്നതായി പറയുന്നുണ്ടെങ്കിലും സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്​തെന്ന്​ എ.ഡി.എം നൽകിയ പരാതിയിലാണ്​ കേസ്​ രജിസ്റ്റർ ​ചെയ്തതെന്നും നടക്കാവ്​ സി.ഐ പറഞ്ഞു. നേര​ത്തേ പണം ​കൈപ്പറ്റിയ യുവതി ഇന്‍റർവ്യൂവിൽ പ​ങ്കെടുക്കാൻ വ്യാഴാഴ്ച കലക്ടറേറ്റിലെത്താൻ യുവാവിനോട്​ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന്​ യുവാവും മാതാവും കലക്ടറേറ്റി​ലെത്തി. ഈ സമയം യുവതി ഒരു ഫയലുമായി ഓഫിസിൽ കയറിയിറങ്ങുകയും ഉടൻ ഇന്റർവ്യൂ നടക്കു​മെന്ന് അറിയിക്കുകയും ചെയ്തു. എന്നാൽ, ഓഫിസിലെ ഉദ്യോഗസ്ഥർ സംശയം ഉന്നയിച്ചതോടെയാണ്​​ കബളിപ്പിക്കലടക്കം പുറത്തുവന്നതും പൊലീസിൽ പരാതി നൽകിയതും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.