കോഴിക്കോട്: കിൻഫ്ര നോളജ് പാർക്കിനായി മന്ത്രിസഭ കഴിഞ്ഞ മാസം 19ന് അനുവദിച്ച തുക ഭൂവുടമകൾക്ക് നൽകാത്തതിനെ തുടർന്ന് പാർക്കിനായി ഏറ്റെടുത്ത സ്ഥലത്ത് ഉടമകളുടെ ഹരജിയിൽ ജപ്തി നടപടികൾ തുടരുന്നു. പണം കിട്ടാനായി കിൻഫ്രയുടെ സ്ഥലം ഏറ്റെടുത്ത് ലേലത്തിൽ വിൽക്കാനാണ് സ്ഥലം വിട്ടുകൊടുത്തവർ ഹരജി നൽകിയത്. അടുത്ത മാസം ഉദ്ഘാടനം ചെയ്യാനുള്ള കിൻഫ്ര നോളജ് പാർക്കിനു മുന്നിലെ 3.12 ഏക്കർ ഭൂമി ജപ്തി ചെയ്യാൻ വെള്ളിയാഴ്ച കോടതി ഉത്തരവ് പുറപ്പെടുവിച്ചു. ഭൂവുടമകളായ കോയാമു ഹാജി, മുഹമ്മദ് ഫൈസൽ എന്നിവർ അഡ്വ. രത്നകുമാർ മല്ലിശ്ശേരി മുഖേന നൽകിയ ഹരജിയിലാണ് കോഴിക്കോട് പ്രിൻസിപ്പൽ സബ് ജഡ്ജി കെ. പ്രിയ ജപ്തി നടപടിക്ക് വീണ്ടും ഉത്തരവിട്ടത്. കിൻഫ്ര മാനേജിങ് ഡയറക്ടർ, സ്‍പെഷൽ തഹസിൽദാർ (എൽ.എ) കൊയിലാണ്ടി എന്നിവരാണ് കേസിലെ എതിർകക്ഷികൾ. സർക്കാർ ഏറ്റെടുത്ത് കിൻഫ്രക്ക് കൈമാറിയ 77.76 ഏക്കര്‍ ഭൂമിയിൽ ജപ്തി നടന്ന 3.36 ഏക്കര്‍ ഭൂമി ലേലഭീഷണിയിലാണ്. ഏപ്രിൽ നാല്, അഞ്ച്, ആറ് തീയതികളിലാണ് ലേലം നടക്കുക. നാല് ഏക്കര്‍ ഭൂമിയാണ് ഹരജിക്കാരിൽനിന്ന് 2010ൽ സർക്കാർ ഏറ്റെടുത്തത്. നഷ്ടപരിഹാരമായി കോടികളാണ് ലഭിക്കാനുള്ളത്. മുമ്പ് നഷ്ടപരിഹാര സംഖ്യയായ 42.66 ലക്ഷം രൂപ വസൂലാക്കിക്കിട്ടാൻ ബേപ്പൂർ സ്വദേശി കമ്പിട്ടവളപ്പിൽ സലീം നൽകിയ ഹരജിയിൽ കഴിഞ്ഞ മാസം ആറിന് പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലായിരുന്ന വാഹനം ലേലത്തിൽ വിറ്റിരുന്നു. സലീം തന്നെയാണ് വാഹനം ലേലത്തിൽ പിടിച്ചത്. നഷ്ടപരിഹാര തുക ഡിസംബർ 31നു മുമ്പ് വിതരണം ചെയ്യാൻ മന്ത്രിതല ചർച്ചയിൽ തീരുമാനമായിരുന്നു. ഡിസംബർ 31നകം തുക വിതരണം ചെയ്യുമെന്ന സർക്കാർ വാഗ്ദാനം ഇതുവരെ പാലിക്കാത്തതിനാലാണ് ഭൂവുടമകൾ കേസ് കൊടുത്തത്. ഇനിയും 125ഓളം കേസുകളിലായി 300ഓളം പേർക്ക് നഷ്ടപരിഹാരം ലഭിക്കാനുണ്ട്. ഒത്തുതീർപ്പിൽനിന്ന് പിന്മാറുമെന്ന് ആക്ഷൻ കമ്മിറ്റി ഭരണാനുമതി ലഭിച്ച തുക മാർച്ച് അഞ്ചിനകം കോടതിയിൽ കെട്ടിവെക്കാത്തപക്ഷം ഒത്തുതീർപ്പ് വ്യവസ്ഥയിൽനിന്ന് പൂർണമായി പിന്മാറാനാണ് മുഴുവൻ ഭൂവുടമകളുടെയും തീരുമാനമെന്ന് രാമനാട്ടുകര കിൻഫ്ര നോളജ് പാർക്ക് ലാൻഡ് ലൂസേഴ്സ് ആക്ഷൻ കമ്മിറ്റി പ്രസിഡന്‍റ് കോയാമു ഹാജി, ചീഫ് കോഓഡിനേറ്റർ മുഹമ്മദ് ഫൈസൽ എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.