ജ്വല്ലറി നിക്ഷേപ തട്ടിപ്പ്: ആക്ഷൻ കമ്മിറ്റി സമരത്തിനിടെ സംഘർഷം

ആക്ഷൻ കമ്മിറ്റി സമരക്കാർക്കുനേരെ ബൈക്ക് കയറ്റി, രണ്ടു പേർക്ക് പരിക്ക് കുളങ്ങരത്താഴയിൽ റോഡ് ഉപരോധിച്ചു കുറ്റ്യാടി: ഗോൾഡ് പാലസ് ജ്വല്ലറി നിക്ഷേപ തട്ടിപ്പിനിരയായവർക്ക് പണവും സ്വർണവും തിരിച്ചുനൽകണമെന്നാവശ്യപ്പെട്ട് മൂന്നാഴ്ചയായി തുടരുന്ന ആക്ഷൻ കമ്മിറ്റി സമരത്തിനിടെ കുളങ്ങരത്താഴയിൽ സംഘർഷം. പ്രകടനക്കാർക്കുനേരെ ബൈക്ക് കയറ്റി. രണ്ടു പേർക്ക് പരിക്കേറ്റു. സംഭവത്തിൽ പ്രതിഷേധിച്ച് ആക്ഷൻ കമ്മിറ്റി ആഭിമുഖ്യത്തിൽ വെള്ളിയാഴ്ച ഉച്ചക്ക് കുളങ്ങരത്താഴയിൽ റോഡ് ഉപരോധിച്ചു. കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്ന പൊലീസിന്റെ ഉറപ്പിനെ തുടർന്നാണ് കാൽമണിക്കൂർ നീണ്ട ഉപരോധം പിൻവലിച്ചത്. സമരക്കാർ പ്രകടനമായി വന്നുനിന്നു മുദ്രാവാക്യം വിളിക്കാറുള്ള സ്ഥലത്ത് സംഘം ബൈക്കുകൾ പാർക്ക് ചെയ്തു. ഇതോടെ സമരക്കാർ ബൈക്കുകൾക്ക് മുന്നിൽനിന്ന് മുദ്രാവാക്യം മുഴക്കി. നിർത്തിയിട്ട ബൈക്കുകൾ കൊണ്ടുപോകുന്നത് സമരക്കാർ തടസ്സപ്പെടുത്തി. ഇതോടെ ബലം പ്രയോഗിച്ച് കൊണ്ടുപോകുമ്പോൾ രണ്ടു പേരെ തട്ടിവീഴ്ത്തി. അഷീറ നരിക്കൂട്ടുംചാലിൽ (35), അമ്മദ് ചെക്യാട് (70) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്നാണ് ആക്ഷൻ കമ്മിറ്റിയുടെയും സർവകക്ഷി രാഷ്ട്രീയ നേതാക്കളുടെയും നേതൃത്വത്തിൽ കുളങ്ങരത്താഴയിൽ പ്രതിഷേധ പ്രകടനവും റോഡ് ഉപരോധവും നടന്നത്. കുറ്റ്യാടി സി.ഐ ടി.പി. ഫർഷാദിന്റെ നേതൃത്വത്തിൽ പൊലീസും സ്ഥലത്തെത്തിയിരുന്നു. പരിക്കേറ്റവരുടെ പരാതി പ്രകാരം പൊലീസ് ഏതാനും പേർക്കെതിരെ കേസെടുത്തു. കഴിഞ്ഞ ആഴ്ചകളിലും ചിലർ പ്രകോപനത്തിനു ശ്രമിച്ചിരുന്നതായും പറഞ്ഞു. സംഭവത്തെ തുടർന്ന് പ്രതിഷേധക്കാർ റോഡ് വശത്ത് പ്രതിഷേധ സമരം തുടർന്നു. വിവിധ പാർട്ടി നേതാക്കൾ സ്ഥലത്തെത്തി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. കെ.പി. കുഞ്ഞമ്മദ്കുട്ടി എം.എൽ.എ, കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.ടി. നഫീസ, വൈസ് പ്രസിഡന്റ് ടി.കെ. മോഹൻദാസ്, കുന്നുമ്മൽ ബ്ലോക്ക് പ്രസിഡൻറ് കെ.പി. ചന്ദ്രി, സി.പി.എം ജില്ല സെക്രട്ടറി പി. മോഹനൻ, കുറ്റ്യാടി ലോക്കൽ സെക്രട്ടറി എ.എം. റഷീദ്, എം.കെ. ശശി, മുൻ എം.എൽ.എ കെ.കെ. ലതിക, കോൺഗ്രസ് മണ്ഡലം ഭാരവാഹികളായ ശ്രീജേഷ് ഊരത്ത്, പി.കെ. സുരേഷ്, ഇ.എം. അസ്ഹർ, മുസ്ലിം ലീഗ് നേതാക്കളായ അഹമ്മദ് പുന്നക്കൽ, ഇ. മുഹമ്മദ് ബഷീർ എന്നിവർ സംസാരിച്ചു. Photo: ഗോൾ പാലസ് ജ്വല്ലറി ആക്ഷൻ കമ്മിറ്റി ആഭിമുഖ്യത്തിൽ കുളങ്ങരത്താഴയിൽ റോഡ് ഉപരോധിക്കുന്നു Photo: സമരക്കാരെ സി.പി.എം, മുസ്ലിം ലീഗ്, കോൺഗ്രസ് നേതാക്കൾ സന്ദർശിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.