അസൗകര്യവും സർട്ടിഫിക്കറ്റ് വൈകലും; നീന്തൽ പരിശീലന ക്യാമ്പിൽ വാക്കേറ്റവും ബഹളവും

മുക്കം: നീന്തൽ പരിശീലന സർട്ടിഫിക്കറ്റ് നൽകാൻ വൈകിയതിനെ തുടർന്ന് രക്ഷിതാക്കളും പ്രതിപക്ഷ കൗൺസിലർമാരും ഉദ്യോഗസ്ഥരുമായി വാക്കേറ്റം. മുക്കം നഗരസഭയിലെ 'നീന്തി വാ മക്കളെ' പദ്ധതിയുടെ ഭാഗമായി എസ്.എസ്.എൽ.സി വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റ് നൽകാൻ വ്യാഴാഴ്ച വേനപ്പാറ നടത്തിയ ക്യാമ്പിലാണ് വാക്കേറ്റവും ബഹളവുമുണ്ടായത്. നീന്തൽ പരിശോധന നടത്തി ഏറെ നേരം കഴിഞ്ഞിട്ടും സർട്ടിഫിക്കറ്റ് കിട്ടാതായതാണ് പ്രതിഷേധത്തിന് വഴിവെച്ചത്. 'നീന്തിവാ മക്കളെ'പദ്ധതിയുടെ ഭാഗമായി നേരത്തെ വിദ്യാർഥികൾക്ക് നഗരസഭ സർട്ടിഫിക്കറ്റ് നൽകിയിരുന്നു. ബാക്കി വന്ന വിദ്യാർഥികൾക്കായാണ് വ്യാഴാഴ്ച നീന്തൽ പരിശോധന ക്യാമ്പ് നടത്തിയത്. നഗരസഭയിലെ വിവിധ വിദ്യാലയങ്ങളിൽനിന്നായി വിദ്യാർഥികൾ പരിശോധന ക്യാമ്പിൽ എത്തിയിരുന്നു. എന്നാൽ, വേണ്ട സജ്ജീകരണങ്ങൾ നഗരസഭാധികൃതർ ഒരുക്കിയില്ലെന്ന് വിദ്യാർഥികളും രക്ഷിതാക്കളും പ്രതിപക്ഷ കൗൺസിലർമാരും പറഞ്ഞു. സർട്ടിഫിക്കറ്റിൽ പതിക്കേണ്ട സീൽ സ്പോർട്സ് കൗൺസിൽ ഉദ്യോഗസ്ഥർ കൊണ്ടുവരാതെ അലംഭാവം കാണിച്ചെന്നും ക്രമപ്രകാരം അല്ലാതെ നീന്തൽ പരിശോധന നടത്തിയെന്നും ഇവർ പറഞ്ഞു. വിദ്യാർഥികൾക്ക് വസ്ത്രം മാറാനുള്ള സൗകര്യം പോലും ഉണ്ടായിരുന്നില്ലെന്ന് ചില രക്ഷിതാക്കൾ പരാതിപ്പെട്ടു. അതേസമയം, ക്യാമ്പിൽ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിരുന്നെന്നും ക്യാമ്പിലേക്ക് വരുന്നതിനു മുമ്പ് ഫോട്ടോ ഉൾപ്പെടെയുള്ള രേഖകൾ വിദ്യാർഥികൾ കൊണ്ടുവരണമെന്ന് വാർഡ് കൗൺസിലർമാർ മുഖേന മുൻകൂട്ടി അറിയിച്ചിരുന്നെന്നും നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ സത്യനാരായണൻ പറഞ്ഞു. ചില വിദ്യാർഥികൾ ഇത് കൊണ്ടുവരാത്തതാണ് സർട്ടിഫിക്കറ്റ് നൽകാൻ വൈകിയതെന്നും ക്യാമ്പിൽ എത്തിയ എല്ലാ വിദ്യാർഥികൾക്കും സർട്ടിഫിക്കറ്റ് നൽകാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.