വൃത്തിയാക്കി നാട്ടുകാർ; കുളത്തിന് പുനർജന്മം

കോഴിക്കോട്​: പ്രദേശത്തെയാകെ നീര്‍വറ്റാതെ നിലനിര്‍ത്തിയിരുന്ന എടക്കാട് പാലക്കടയിലെ കോഴിക്കല്‍ തറവാടിന്‍റെ കൊടമ്പാട്ട് കുളത്തിന്​ ജനകീയ ഇടപെടലിൽ പുനർജനി. കോഴിക്കല്‍ തറവാട്ടിലെ കൃഷ്ണദാസിനും സഹോദരിമാര്‍ക്കും കുടുംബ സ്വത്തായി ലഭിച്ച 12 സെന്‍റോളം സ്ഥലത്തെ കുളം കോര്‍പറേഷന് വിട്ടുനല്‍കാമെന്നേറ്റതോടെ സ്വകാര്യ കുളം കോർപറേഷൻ വൃത്തിയാക്കുകയായിരുന്നു. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, യുവജന സംഘടന പ്രതിനിധികൾ, റസിഡൻസ് അസോസിയേഷൻ, കുടുംബശ്രീ, കുട്ടികൾ, സ്ത്രീകൾ, കോർപറേഷൻ ശുചീകരണ തൊഴിലാളികൾ ഉൾപ്പെടെ മുന്നൂറോളം ആളുകൾ പ്രവർത്തനങ്ങളിൽ പങ്കാളികളായി. കുളം കോർപറേഷന് വിട്ടുതരുന്ന മുറക്ക്​ സൗന്ദര്യവത്​കരണം നടത്തി പൊതുജനങ്ങൾക്ക് ഉപകാരപ്രദമായ നീന്തൽ കുളമാക്കി മാറ്റുകയാണ്​ ലക്ഷ്യം. ബുധനാഴ്ച രാവിലെ ഏഴിന്​ ആരംഭിച്ച ശുചീകരണ പ്രവൃത്തി മേയർ ഡോ. ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്ഥിരം സമിതി ചെയർപേഴ്സൻ ഡോ. എസ്. ജയശ്രീ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ ടി. മുരളീധരൻ സ്വാഗതവും ടി.കെ. ശശിധരൻ നന്ദിയും പറഞ്ഞു. ഹെൽത്ത് ഓഫിസർ ഡോ. മിലു മോഹൻദാസ്, ഹെൽത്ത് സൂപ്പർവൈസർ പി. ഷജിൽ കുമാർ, ഹരിത കേരള മിഷൻ ജില്ല കോഓഡിനേറ്റർ പി. പ്രകാശ്, കുളം ഉടമ കെ. കൃഷ്ണദാസ്, ആരോഗ്യ സ്ഥിരം സമിതി മുൻ ചെയർമാൻ കെ.വി. ബാബുരാജ്, ഹരിത കേരളം മിഷൻ റിസോഴ്സ്​പേഴ്സൻ പി. പ്രിയ എന്നിവർ സംസാരിച്ചു. വൃത്തിയാക്കുന്ന ആദ്യ സ്വകാര്യ കുളം 'ജലമാണ് ജീവന്‍' എന്ന ആശയം മുന്‍നിര്‍ത്തി ജില്ല ഭരണകൂടം 2020 ഫെബ്രുവരിയില്‍ ആരംഭിച്ച 'മിഷന്‍ തെളിനീര്‍' പദ്ധതിയുടെ ഭാഗമായി വീണ്ടെടുക്കുന്ന ആദ്യ സ്വകാര്യ കുളമാണ് എടക്കാട് പാലക്കടയിലെ കൊടമ്പാട്ടുകുളം. ഓരോ പൊതുകുളവും പുനരുജ്ജീവിപ്പിച്ച്, തെളിനീരൊഴുകുന്ന ജല സ്രോതസ്സാക്കി നിലനിര്‍ത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ജില്ല ഭരണകൂടം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ഹരിതകേരളം, ശുചിത്വ മിഷനുകള്‍ എന്നിവയുടെ ആഭിമുഖ്യത്തിലാണ് പ്രവര്‍ത്തനം. ജില്ലയില്‍ 52 പൊതുകുളങ്ങളാണ് ഇത്തരത്തില്‍ വീണ്ടെടുത്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.