ആവിത്തോട് പ്ലാന്‍റ്​: സംഭവങ്ങള്‍ക്ക് ഉത്തരവാദി കലക്ടര്‍ -യു.ഡി.എഫ്​

കോഴിക്കോട്: വെള്ളയിലെ ആവിത്തോട് കോര്‍പറേഷന്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന പ്ലാന്‍റുമായി ബന്ധ​പ്പെട്ട സംഭവങ്ങള്‍ക്ക് ഉത്തരവാദി കലക്ടറാണെന്ന്​ യു.ഡി.എഫ്​. പ്ലാന്‍റിന്​ തദ്ദേശവാസികള്‍ എതിരാണ്. പരിസരവാസികളുടെ എതിര്‍പ്പിനെ വെല്ലുവിളിച്ചുകൊണ്ടാണ് ജില്ല ഭരണകൂടത്തിന്‍റെ അനുമതിയോടെ അവിടെ മണ്ണ് പരിശോധനക്ക് എത്തിയത്. പദ്ധതിയെകുറിച്ച് ജനങ്ങളെ ബോധവത്കരിക്കാതെ നടപടി ഉണ്ടാവരുത് എന്നായിരുന്നു നാട്ടുകാരുടെ ആവശ്യം. കലക്ടറോട് സംസാരിക്കാന്‍ പോയ യു.ഡി.എഫ് കൗണ്‍സിലര്‍മാരോട് മോശമായാണ് കലക്ടര്‍ പെരുമാറിയത്. ഡി.സി.സി പ്രസിഡന്‍റിന്‍റെയും മുസ്‍ലിം ലീഗ് ജില്ല സെക്രട്ടറിയുടെയും ഫോണ്‍ എടുക്കാന്‍ പോലും കലക്ടര്‍ തയാറായില്ല. ഈ ധിക്കാരപരമായ നടപടിയാണ് ജനങ്ങളെ പ്രകോപിതരാക്കിയതും ഹര്‍ത്താലിലേക്കും വണ്ടി തടയലിലേക്കും നയിച്ചത്. കലക്ടറുടെ നടപടി അപലപനീയമാണെന്ന് ഡി.സി.സിയില്‍ നടന്ന യു.ഡി.എഫ് കൗണ്‍സിലര്‍മാരുടെ യോഗം കുറ്റപ്പെടുത്തി. ഡി.സി.സി പ്രസിഡന്‍റ്​ അഡ്വ. കെ. പ്രവീണ്‍കുമാര്‍ അധ്യക്ഷതവഹിച്ചു. അഡ്വ.ടി. സിദ്ദീഖ് എം.എൽ.എ, മുസ്‍ലിം ലീഗ് ജില്ല സെക്രട്ടറി എം.എ. റസാഖ്, എസ്.കെ. അബൂബക്കര്‍, ടി. മൊയ്തീന്‍കോയ, കെ.സി. ശോഭിത, സോഫിയ, കെ.പി. രാജേഷ്‌കുമാര്‍ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.