നാദാപുരത്ത് പരിശോധന; സ്ഥാപനങ്ങൾക്കെതിരെ നടപടി

നാദാപുരം: നാദാപുരം ഗ്രാമപഞ്ചായത്തിലെ ചേലക്കാട്, കല്ലാച്ചി ടൗണുകളിൽ ഗ്രാമപഞ്ചായത്തും ആരോഗ്യവകുപ്പും ചേർന്ന്​ നടത്തിയ സംയുക്ത പരിശോധനയിൽ ആരോഗ്യ ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെയും നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ വിൽപന നടത്തിയ സ്ഥാപനങ്ങൾക്കെതിരെയും നടപടി സ്വീകരിച്ചു. മുപ്പതോളം സ്ഥാപനങ്ങളിലും കല്ലാച്ചി, നാദാപുരം മാർക്കറ്റുകളിലുമാണ് പരിശോധന നടത്തിയത്. വിവിധ സ്ഥാപനങ്ങളിൽനിന്നായി 40 കിലോ ഗ്രാം നിരോധിത പ്ലാസ്റ്റിക് ഉൽ​പന്നങ്ങൾ പിടിച്ചെടുത്തു. ആരോഗ്യ ശുചിത്വ മാനദണ്ഡങ്ങളും ലൈസൻസ് മാനദണ്ഡങ്ങളും പാലിക്കാത്ത അഞ്ച് സ്ഥാപനങ്ങൾക്കെതിരെ പിഴചുമത്തി. ചേലക്കാട് ടൗണിൽ പ്രവർത്തിക്കുന്ന ടി.കെ സ്വീറ്റ്സ് ആൻഡ് കൂൾബാർ, മധുരിമ ഫ്രൂട്ട്സ് ആൻഡ് കൂൾബാർ, മർവ സ്റ്റോർ, സൂപ്പർ ചിപ്സ് എന്നീ സ്ഥാപനങ്ങൾക്കും കല്ലാച്ചി ടൗണിൽ പ്രവർത്തിക്കുന്ന കുളിർമ ഫ്രൂട്ട്സ് എന്ന സ്ഥാപനത്തിനുമാണ് പിഴചുമത്തിയത്. ഇവിടങ്ങളിൽ 10,400 രൂപ പിഴചുമത്തി. പുകയില നിരോധന നിയമം കോപ്ട പ്രകാരം രണ്ടു സ്ഥാപനങ്ങൾക്ക് 400 രൂപയും പിഴചുമത്തി. പരിശോധനയിൽ നാദാപുരം താലൂക്ക് ആശുപത്രി ഹെൽത്ത് ഇൻസ്പെക്ടർ പി.വി. സുരേന്ദ്രൻ, ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ കെ. സതീഷ്ബാബു, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ പി.കെ. പ്രീജിത്ത്, സി. പ്രസാദ് എന്നിവർ പങ്കെടുത്തു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും പഞ്ചായത്ത് സെക്രട്ടറി ഇ. അരുൺ കുമാർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-28 09:16 GMT