നഗരത്തിൽ ഗ്യാസ്​ പൈപ്പിടൽ തുടങ്ങി

കോഴിക്കോട്​: വീടുകളിലും വ്യവസായ സ്ഥാപനങ്ങളിലും പ്രകൃതിവാതകം എത്തിക്കാനുള്ള സിറ്റി ഗ്യാസ് പദ്ധതിയുടെ രണ്ടാംഘട്ടം ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് കമ്പനി മേൽനോട്ടത്തിൽ കോർപറേഷൻ മേഖലയിൽ ആരംഭിച്ചു. 2022 അവസാനത്തോടെ പദ്ധതി പൂർത്തിയാക്കും. രണ്ടാംഘട്ട പൈപ്പ്‌ലൈൻ കുന്ദമംഗലം, വെള്ളിമാട്​കുന്ന്​, ഇരിങ്ങാടൻപള്ളി കോവൂർ, മെഡിക്കൽ കോളജ്, തൊണ്ടയാട്, പൊറ്റമ്മൽ, അരയിടത്തുപാലം, മാങ്കാവ്, മാവൂർ റോഡ് ജങ്​ഷൻ, മാനാഞ്ചിറ, വട്ടക്കിണർ, ബേപ്പൂർ, മീഞ്ചന്ത, നല്ലളം, നടക്കാവ്, വെസ്റ്റ് ഹിൽ, ഭട്ട് റോഡ്, ബീച്ച് റോഡ്, പാവങ്ങാട് വഴിയാണ് കടന്നുപോവുക. പൊതുമരാമത്ത്​ വകുപ്പ്​, ദേശീയ പാത വിഭാഗം, കെ.ആർ.എഫ്​.ബി, കോർപറേഷൻ എന്നിവയുടെ റോഡ്​ വഴിയാണ് ​പൈപ്പിടൽ​. സ്വകാര്യ സ്ഥലങ്ങളെ ഒഴിവാക്കും. റോഡുകളിൽ തകരാർ പരമാവധി കുറക്കാൻ കുഴിയെടുത്ത്​ ഭൂമിക്ക്​ അടിയിലൂടെ പൈപ്പ്‌ലൈൻ വലിക്കുന്ന രീതിയാണ്​ നടപ്പാക്കുക. അടുത്ത കാലത്ത് നന്നാക്കിയ റോഡുകൾ അദാനി ഗ്യാസ് ഏറ്റെടുക്കുന്ന വ്യവസ്ഥയിലാണ് കരാർ. തകരാറുകൾ അതത് സ്ഥാപനങ്ങൾ നിർദേശിക്കുന്ന നിലവാരത്തിൽ ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് പരിഹരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.