അണിഞ്ഞൊരുങ്ങി അരങ്ങൊഴിഞ്ഞു

ചേളന്നൂർ: അനുഷ്ഠാന കലകളായ തെയ്യം, തിറ എന്നിവക്ക് സംസ്ഥാനത്തിനകത്തും പുറത്തും പ്രചാരം നൽകിയ കലാകാരനായ ജിജീഷ് അരങ്ങൊഴിഞ്ഞത് ചമയച്ചാർത്തുകളോടെ. വർഷങ്ങളായി ക്ഷേത്രകലകൾ അവതരിപ്പിച്ചുവരുന്ന ചേളന്നൂർ സ്വദേശിയായ ജിജീഷ് തന്‍റെ പിതാവായ ക്ഷേത്രകലാകാരൻ സിദ്ധാർഥനിൽനിന്ന് അഞ്ചാം വയസ്സിലാണ് ആട്ടത്തിന്‍റെയും അനുഷ്ഠാനകലാ ചമയങ്ങളുടെയും ലോകത്തേക്ക് കാലെടുത്തുവെച്ചത്. സംസ്ഥാനത്തെ പല ക്ഷേത്രങ്ങളുടെയും ഉത്സവാഘോഷങ്ങളുടെ മുഖ്യ കലാകാരനായിരുന്നു ജിജീഷ്. നാഗാളിത്തിറയും കുലവൻ തിറയും ജിജീഷ് തന്നെ കെട്ടിയാടണമെന്ന് നിർബന്ധമുള്ള ക്ഷേത്രക്കാരും ഏറെയായിരുന്നു. ചെണ്ടമേളം ഉൾപ്പെടെയുള്ള വാ​ദ്യോപകരണങ്ങളിലും അഗ്രഗണ്യനായിരുന്നു ജിജീഷ്. തന്‍റെ മകനിലേക്കും കലയെത്തിക്കാൻ നാലാം വയസ്സിൽ തന്നെ അരങ്ങേറ്റം നടത്തിയിരുന്നു ജിജീഷ്. ശനിയാഴ്ച വൈകീട്ട് മൂന്നിന്​ കക്കോടി പുത്തലത്ത് കുലവൻ കാവിൽ വെള്ളാട്ട് കഴിഞ്ഞ് ചമയങ്ങൾ അഴിക്കാൻ തുടങ്ങവെ ഹൃദയാഘാതം മൂലം മരിക്കുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.