ശാസ്ത്രലോകത്തെ പുതുവെളിച്ചം തേടി വിദ്യാർഥികൾ

കോഴിക്കോട്: ശാസ്ത്രവിജ്ഞാനത്തി‍ൻെറ കാണാപ്പുറങ്ങൾ തേടിയെത്തിയ വിദ്യാർഥികൾക്കായി അറിവി‍ൻെറ ജാലകമാണ് റീജനൽ സയൻസ്‌ സൻെറർ ആൻഡ്​ പ്ലാനറ്റേറിയത്തിൽ തുറക്കപ്പെട്ടത്. ജില്ല പഞ്ചായത്ത് എജൂകെയർ പദ്ധതിയുടെ ഭാഗമായി ശാസ്ത്ര വഴി എന്നപേരിൽ സംഘടിപ്പിച്ച സംവാദം കുട്ടികൾക്ക് പുത്തനനുഭവമായി. തിരുവനന്തപുരം ഐസറിലെ ശാസ്ത്രാധ്യാപകനായ എം. സുരേശനാണ് കുട്ടികളുമായി ശാസ്ത്രവർത്തമാനത്തിനെത്തിയത്. ശാസ്ത്രബോധമുള്ള തലമുറയാണ് സമൂഹത്തിനാവശ്യം എന്ന ആമുഖത്തോടെയാണ് അദ്ദേഹം ക്ലാസ് ആരംഭിച്ചത്. ബുദ്ധിശക്തി എല്ലാ വ്യക്തികളിലും ഒരുപോലെയല്ലെന്ന് തെളിയിക്കുന്ന പരീക്ഷണം വിദ്യാർഥികൾ ആവേശത്തോടെയാണ് വീക്ഷിച്ചത്. ശാസ്ത്രത്തി‍ൻെറ ഉത്ഭവം, പുരോഗതി, ശാഖകൾ എന്നിങ്ങളെയുള്ള അടിസ്ഥാന വിവരങ്ങളിലൂന്നിയാണ് ശാസ്ത്രവർത്തമാനം മുന്നോട്ടുപോയത്. മനുഷ്യൻ ഒരുകാലത്ത് ശരിയാണെന്ന് വിശ്വസിച്ചിരുന്ന പല കാര്യങ്ങളും ശാസ്ത്രപുരോഗതിയിലൂടെ തെറ്റാണെന്ന് തെളിയിക്കപ്പെട്ടു. ചളിയിൽനിന്നാണ് തവളയുണ്ടാവുന്നത്, ധാന്യങ്ങളിൽനിന്ന് എലികൾ ഉണ്ടാവുന്നു എന്നിവയൊക്കെ ശാസ്ത്രത്തിലൂടെ തിരുത്തിയെഴുതപ്പെട്ടു. രസതന്ത്രത്തി‍ൻെറ മാസ്മരികലോകത്തെ അറിയാസത്യങ്ങൾ വിദ്യാർഥികൾക്ക് അദ്ദേഹം പരിചയപ്പെടുത്തി. രാസവസ്തുക്കളുടെ ഉപയോഗം ഇല്ലാതെയുള്ള ജീവിതം സാധ്യമല്ലെന്നും എല്ലാ വസ്തുക്കളും രാസവസ്തുക്കളുമായി ബന്ധപ്പെട്ടവയാണെന്നുമുള്ള വാദത്തിൽ വിശദമായ ചർച്ച നടന്നു. പൂർണമായും പ്രകൃതിദത്തമാണെന്ന് പറഞ്ഞ് വിപണിയിലെത്തുന്ന പതഞ്ജലിയുടെ അടക്കമുള്ള ഉൽപന്നങ്ങളിൽ രാസവസ്തുക്കൾ ആദ്യം ഉപയോഗിച്ച ശേഷമാണ് ഔഷധങ്ങൾ ചേർക്കുന്നതെന്ന നിരീക്ഷണം എം. സുരേശൻ കുട്ടികളുമായി പങ്കുവെച്ചു. രണ്ട് മണിക്കൂർ നീണ്ട ക്ലാസിന് ശേഷം കുട്ടികൾ ചോദ്യങ്ങൾ ചോദിച്ചു. പരിസ്ഥിതിക്കാണോ മനുഷ്യ​ൻെറ ആവശ്യങ്ങൾക്കാണോ പ്രാധാന്യം നൽകേണ്ടത്? നിലവിലുള്ള രീതിയിൽനിന്ന് വ്യത്യസ്​തമായി ജീവ‍​ൻെറ ഉൽപത്തിക്ക് സാധ്യതയുണ്ടോ? ശാസ്ത്ര ഗവേഷക രംഗത്തെ സാധ്യതകൾ എന്നിങ്ങനെ നീളുന്നു കൊച്ചുകൂട്ടുകാരുടെ ചോദ്യങ്ങൾ. ശാസ്ത്ര സത്യങ്ങളെക്കുറിച്ച് കൂടുതൽ അറിവ് നേടിയതിനോടൊപ്പം മനസ്സിലെ സംശയങ്ങൾ ഇല്ലാതാക്കിയുമാണ് കുട്ടികൾ മടങ്ങിയത്. ജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽനിന്നുള്ള 120 കുട്ടികളാണ് ക്ലാസിൽ പങ്കാളികളായത്. വിദ്യാഭ്യാസ വകുപ്പി‍ൻെറ ഗിഫ്റ്റഡ് ചിൽഡ്രൻ പ്രോഗ്രാം, ജില്ല പഞ്ചായത്ത് സിവിൽ സർവിസ് പ്രോഗ്രാം, എജുമിഷൻ പൈലറ്റ് പ്രോഗ്രാം എന്നിവയിലെ അംഗങ്ങൾ, ശാസ്ത്രരംഗം ജില്ലതല വിജയികൾ എന്നീ പ്രതിഭകളാണ് ശാസ്ത്ര സംവാദത്തിനെത്തിയത്. ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ ഷീജ ശശി ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ എം.പി. ശിവാനന്ദൻ അധ്യക്ഷത വഹിച്ചു. ബിനോയ്കുമാർ ദുബെ, ഐ.എസ്.ആർ.ഒ മുൻ ഡയറക്ടർ ഇ.കെ. കുട്ടി, ജില്ല പഞ്ചായത്ത് അംഗം അഡ്വ. ഗവാസ്, എൻ.എം. വിമല, നാസർ എസ്​റ്റേറ്റ് മുക്ക്, റംസീന നരിക്കുനി എന്നിവർ സംസാരിച്ചു. യു.കെ. അബ്​ദുന്നാസർ നന്ദി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.