മുങ്ങിമരണങ്ങള്‍ തടയാന്‍ നടപടികളുമായി ജില്ല ഭരണകൂടം

കോഴിക്കോട്​: ജില്ലയിലെ . മുങ്ങിമരണങ്ങള്‍ ഉണ്ടാവാന്‍ ഇടയുള്ള കുളങ്ങൾ, ബീച്ചുകള്‍, ജലം അടിസ്ഥാനമാക്കിയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ല കലക്ടര്‍ ഡോ.എൻ. തേജ് ലോഹിത് റെഡ്ഡി അറിയിച്ചു. പൊതുജനങ്ങള്‍ക്കിടയില്‍ ബോധവത്കരണം സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കൽ, ഫെന്‍സിങ്, ലൈഫ് ഗാര്‍ഡുകളെ ഏർപ്പെടുത്തൽ തുടങ്ങിയ സംരക്ഷണ മാര്‍ഗങ്ങളും സ്വീകരിക്കും. മുങ്ങിമരണസാധ്യതയുള്ള എല്ലായിടത്തും മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കും. ജില്ലയിലെ മുങ്ങിമരണസാധ്യതയുള്ള പ്രദേശങ്ങളുടെ പട്ടിക ജില്ല ഫയര്‍ ഓഫിസര്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഈ പട്ടിക പ്രകാരം മുങ്ങിമരണ സാധ്യതയുള്ള എല്ലാ സ്ഥലങ്ങളിലും മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ കോര്‍പറേഷന്‍, മുനിസിപ്പാലിറ്റി സെക്രട്ടറിമാര്‍ക്ക് നിർദേശം നല്‍കി. ബന്ധപ്പെട്ട എല്ലാ ഗ്രാമപഞ്ചായത്തുകളും നിർദേശം പാലിച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഉറപ്പുവരുത്തണം. വിനോദസഞ്ചാരകേന്ദ്രങ്ങളിലെ മുങ്ങിമരണ സാധ്യതയുള്ള പ്രദേശങ്ങളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍, ഡി.ടി.പി.സി സെക്രട്ടറി എന്നിവര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണം. ജലാധിഷ്ഠിത ടൂറിസം കേന്ദ്രങ്ങളിൽ ലൈഫ് ഗാര്‍ഡുകളെ വിന്യസിക്കുകയും ആവശ്യമായ പരിശീലനം നല്‍കുകയും ചെയ്യും. ഡാം സൈറ്റുകള്‍, കുറ്റ്യാടി ഇറിഗേഷന്‍ പ്രോജക്ട് തുടങ്ങിയ ഇടങ്ങളില്‍ ബന്ധപ്പെട്ട എന്‍ജിനീയര്‍മാര്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണം. വെള്ളം കെട്ടിക്കിടക്കുന്ന ക്വാറികളില്‍ സംരക്ഷണ വേലി സ്ഥാപിക്കാനുള്ള നടപടികള്‍ തദ്ദേശസ്വയംഭരണ സെക്രട്ടറിമാര്‍ സ്വീകരിക്കണം. മുതിര്‍ന്നവരുടെ മേല്‍നോട്ടമില്ലാതെ ചെറിയ കുട്ടികള്‍ നീന്തല്‍ പഠിക്കുന്നതും വെള്ളത്തില്‍ കളിക്കുന്നതും ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സെക്രട്ടറിമാര്‍ നിരോധിക്കും. ജലാശയങ്ങള്‍, കുളങ്ങള്‍, തടാകങ്ങള്‍ എന്നിവിടങ്ങളില്‍ വേലി കെട്ടി കുട്ടികളുടെ പ്രവേശനം നിയന്ത്രിക്കും. സുരക്ഷ ഉപകരണങ്ങളുടെ ലഭ്യത ഉറപ്പുവരുത്തും. ഇക്കാര്യങ്ങള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഡിസാസ്​റ്റര്‍ മാനേജ്‌മൻെറ്​ പ്ലാനില്‍ ഉള്‍പ്പെടുത്താനും നിർദേശം നല്‍കിയിട്ടുണ്ട്. നിർദേശങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ദുരന്തനിവാരണ നിയമത്തിലെ 51ാം വകുപ്പ് പ്രകാരമുള്ള നടപടി സ്വീകരിക്കുമെന്നും ജില്ല കലക്ടര്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.