ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ്ങിനെ സന്ദർശിച്ച്​ മുഖ്യമന്ത്രിയും ഗവർണറും

-മരുന്നുകളോട് പ്രതികരിക്കുന്നത് ശുഭസൂചന ബംഗളൂരു: കുന്നൂരിലെ ഹെലികോപ്ടർ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ് ചികിത്സയിലുള്ള ബംഗളൂരുവിലെ വ്യോമസേന കമാൻഡ് ആശുപത്രിയിലെത്തി കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും ഗവർണർ താവർചന്ദ് ഗെഹ്​ലോട്ടും. വെള്ളിയാഴ്ച രാവിലെയാണ് ഇരുവരും ആശുപത്രിയിലെത്തി വരുൺസിങ്ങി​ൻെറ ആരോഗ്യസ്ഥിതി സംബന്ധിച്ച് വ്യോമസേന കമാൻഡ് ആശുപത്രി അധികൃതരുമായി സംസാരിച്ചത്. മരുന്നുകളോട് പ്രതികരിച്ചു തുടങ്ങിയതും ആരോഗ്യനിലയിലുണ്ടായ പുരോഗതിയും വലിയ ശുഭസൂചനയാണെന്ന് ഡോക്ടർമാർ അറിയിച്ചതായി ബസവരാജ് ബൊമ്മൈ പറഞ്ഞു. വരുൺസിങ്ങിൻെറ പിതാവും റിട്ട. കേണലുമായ കെ.പി. സിങ്, സഹോദരനും നാവികസേനാ ഉദ്യോഗസ്ഥനുമായ തനൂജുമായും മുഖ്യമന്ത്രിയും ഗവർണറും കൂടിക്കാഴ്ച നടത്തി. രോഗമുക്തി നേടി അവൻ വീണ്ടും കുതിച്ചുയരുമെന്നാണ് പ്രതീക്ഷയെന്നും കമാൻഡ് ആശുപത്രിയിലെ ചികിത്സ മികച്ചതാണെന്നും വരുൺ സിങ്ങിൻെറ പിതാവ് കേണൽ (റിട്ട.) കെ.പി. സിങ് പറഞ്ഞു. പരിക്കുകളോടെ രക്ഷപ്പെട്ട ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ്ങിനെ വിദഗ്ധ ചികിത്സക്കായി വ്യാഴാഴ്ച വൈകീട്ടോടെയാണ് ബംഗളൂരുവിലെ വ്യോമസേന കമാൻഡ് ആശുപത്രിയിലേക്ക് മാറ്റിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.