മലബാർ സമരം: വളച്ചൊടിച്ച ചരിത്രം അടിച്ചേൽപിക്കാൻ ശ്രമം- സ്​പീക്കർ

കുറ്റിക്കാട്ടൂർ: മലബാർ സമരത്തെപ്പറ്റി 100 വർഷമായി പ്രചരിപ്പിക്കുന്ന ചരിത്രവിരുദ്ധമായ കാര്യങ്ങളെ കേന്ദ്ര സർക്കാറിൻെറ പിൻബലത്തോടെ ചരിത്രമായി പ്രതിഷ്ഠിക്കാനുള്ള ശ്രമമാണ് ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിലിൻെറ നേതൃത്വത്തിൽ രാജ്യത്ത് നടക്കുന്നതെന്ന് നിയമസഭ സ്പീക്കർ എം.ബി. രാജേഷ്. അതിൻെറ ഭാഗമായാണ് മലബാർ സമരത്തിലെ രക്തസാക്ഷികളുടെ പേരുകൾ നീക്കിയത്​. വളച്ചൊടിച്ച ചരിത്രത്തെ ഒൗദ്യോഗികമായി അടിച്ചേൽപിക്കാനുള്ള ശ്രമമാണ് കേന്ദ്ര സർക്കാറും ഹിന്ദുത്വ ശക്തികളും നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഡോ. പ്രദീപൻ പാമ്പിരിക്കുന്ന് അനുസ്മരണത്തോടനുബന്ധിച്ച് 'മലബാർ കലാപം: ചരിത്രവും വർത്തമാനവും' എന്ന വിഷയത്തിൽ അനശ്വര കലാവേദി ആൻഡ് ലൈബ്രറി വെള്ളിപറമ്പിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മലബാർ കലാപം ബ്രിട്ടീഷ് മേധാവിത്വത്തിനും ജന്മിത്തത്തിനുമെതിരെയുള്ള കർഷകരുടെയും കീഴാളരുടെയും ചെറുത്തുനിൽപായിരുന്നു. ഈ വസ്തുത തമസ്കരിക്കാനും വളച്ചൊടിക്കാനുമാണ് ഹിന്ദുത്വ ശക്തികൾ മലബാർ കലാപത്തെ മാപ്പിള ലഹള എന്ന് വിശേഷിപ്പിച്ച് പ്രചാരണം നടത്തുന്നത്. ബ്രിട്ടീഷുകാരും അവരുടെ വിശ്വസ്ത സഖ്യകക്ഷികളായ ജന്മിമാരും രാഷ്​ട്രീയാനന്തരാവകാശികളായ ഹിന്ദുത്വ ശക്തികളും നിരന്തരം നടത്തുന്ന പ്രചാരണമാണിത്. അത് ആവർത്തിച്ചുറപ്പിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഡോ. കെ.എസ്. മാധവൻ, ഡോ. കെ.എം. അനിൽ, കവി വീരാൻകുട്ടി എന്നിവർ സംസാരിച്ചു. ഗുലാബ് ജാൻ അധ്യക്ഷത വഹിച്ചു. എം.കെ. ജിനീഷ് സ്വാഗതവും എം.പി. ബഷീർ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.