'തലാസീമിയ രോഗികളായ കുട്ടികളുടെ മജ്ജ മാറ്റിവെക്കാൻ നടപടി വേണം'

കോഴിക്കോട്: തലാസീമിയ രോഗികളായ കുട്ടികളുടെ മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്താൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് കേരള ബ്ലഡ് പേഷ്യൻറ്​സ്​ പ്രൊട്ടക്​ഷൻ കൗൺസിൽ ആവശ്യപ്പെട്ടു. രോഗികൾ ബഹുഭൂരിപക്ഷവും യൗവനത്തിലേക്ക് കടക്കും മുമ്പുതന്നെ മരണത്തിന് കീഴ്​പ്പെടുന്നു. ഇവരുടെ ജീവൻ രക്ഷിക്കാനുള്ള ഏക മാർഗം മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയ മാത്രമാണ്. രോഗി കൗമാരത്തിലേക്ക് കടന്നാൽ ശസ്ത്രക്രിയ ചെയ്യുക ദുഷ്​കരമാണ്​. അതുകൊണ്ട്​ പത്തോ പന്ത്രണ്ടോ വയസ്സെത്തും മുമ്പുതന്നെ ഈ കുട്ടികളുടെ മജ്ജ മാറ്റിവെക്കേണ്ടതുണ്ട്. പതിനഞ്ചും ഇരുപതും ലക്ഷം രൂപവരെ ശസ്ത്രക്രിയക്ക് ചെലവു വരും. രോഗബാധിതരിൽ ഭൂരിപക്ഷത്തിനും ചെലവുവഹിക്കാൻ കഴിയാത്ത അവസ്ഥയാണുള്ളത്. അതേസമയം, കേന്ദ്ര ആരോഗ്യ വകുപ്പും കോൾ ഇന്ത്യ ലിമിറ്റഡും തലാസീമിക് ഇന്ത്യയും കൂടി ചേർന്ന് ഓരോ തലാസീമിയ രോഗിയായ കുട്ടിയുടെയും മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് പത്തുലക്ഷം രൂപ നൽകുന്ന പദ്ധതി ആവിഷ്​കരിച്ച്​ നടപ്പാക്കിയിട്ടുണ്ട്. ദക്ഷിണേന്ത്യയിൽ വെല്ലൂർ സി.എം.സി, ബംഗളൂരു നാരായണ ആശുപത്രി എന്നീ കേന്ദ്രങ്ങളാണ് ഇത് നടപ്പാക്കാൻവേണ്ടി തെരഞ്ഞെടുത്തത്​. എന്നാൽ, വിരലിലെണ്ണാവുന്നവർക്കു മാത്രമേ കേരളത്തിൽനിന്നും ഇത് ഉപയോഗപ്പെടുത്താനായിട്ടുള്ളൂ. 12 വയസ്സിന് താഴെ പ്രായമുള്ള കുട്ടികൾക്ക് മാത്രമേ ശസ്ത്രക്രിയ നടത്തൂ. അതും 100 ശതമാനം യോജിച്ച മജ്ജയുള്ള സഹോദരങ്ങൾ ഉണ്ടാവുകയും വേണം. കേരളത്തിലെ ആയിരത്തോളം വരുന്ന തലാസീമിയ രോഗികളിൽ ഇരുപതു ശതമാനം രോഗികൾ മാത്രമേ ഇങ്ങനെ യോജിച്ചവരായിട്ടുണ്ടാവൂ. അവർക്ക് ഈ സഹായവും ചികിത്സക്ക് ആവശ്യമായ തുകയും ലഭ്യമാക്കാൻ അടിയന്തര നടപടിയുണ്ടാവണമെന്ന് ബ്ലഡ് പേഷ്യൻറ്​ പ്രൊട്ടക്​ഷൻ കൗൺസിൽ ആവശ്യപ്പെട്ടു. പ്രാരംഭ നടപടിയെന്ന നിലക്ക് സംസ്ഥാനത്തെ 14 വയസ്സിനു താഴെ പ്രായമുള്ള മുഴുവൻ തലാസീമിയ രോഗികളുടെയും സഹോദരങ്ങളുമായുള്ള മജ്ജയുടെ യോജിപ്പ് പരിശോധിക്കാനുള്ള എച്ച്.എൽ.എ ടെസ്​റ്റ്​ അടിയന്തരമായി നടത്തണമെന്ന് ആവശ്യപ്പെട്ട് ബ്ലഡ് പേഷ്യൻറ്​സ്​ പ്രൊട്ടക്​ഷൻ കൗൺസിൽ മുഖ്യമന്ത്രിക്ക് നിവേദനം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.