ആത്മവിശ്വാസം, അതല്ലേ എല്ലാം

lead5 സചിൻദേവിന്​ പതിനായിരത്തോളം വോട്ടിൻെറ ഭൂരിപക്ഷമെന്ന്​ കണക്കുകൂട്ടൽ ബാലുശ്ശേരി: തെരഞ്ഞെടുപ്പ് കഴിഞ്ഞ് മൂന്ന് ആഴ്ചയിലധികമായുള്ള വോട്ടർമാരുടെ കാത്തിരിപ്പിന് ഇന്ന് വോട്ടെണ്ണൽ പൂർത്തിയാകുന്നതോടെ തിരശ്ശീല വീഴും. സർവേ ഫലങ്ങളെല്ലാം ബാലുശ്ശേരി എൽ.ഡി.എഫ് നിലനിർത്തുമെന്നാണ് പ്രവചിക്കുന്നതെങ്കിലും യു.ഡി.എഫ് പ്രതീക്ഷയോടെയാണ് നിലകൊള്ളുന്നത്. മണ്ഡലത്തിൽ ഇതുവരെയില്ലാത്ത രീതിയിലാണ് യു.ഡി.എഫ് സ്ഥാനാർഥി ധർമജൻ ബോൾഗാട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം നടന്നത് എന്നതാണ് യു.ഡി.എഫിൻെറ ആത്മവിശ്വാസം. മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർഥി ഇക്കുറിയും പരാജയപ്പെട്ടാൽ കെ.പി.സി.സിയുടെ ബ്ലാക്ക് ലിസ്​റ്റിൽനിന്ന്​ ബാലുശ്ശേരിക്ക് ഒരിക്കലും കരകയറാൻ കഴിയില്ലെന്നാണ് പ്രവർത്തകർ കരുതുന്നത്. ധർമജൻെറ പരാജയം യു.ഡി.എഫിൽതന്നെ ഒരു പുനർചിന്തക്ക്​ വഴിയൊരുക്കുമെന്നുള്ളതാണ് മറ്റൊരു കാര്യം. ധർമജൻെറ സ്ഥാനാർഥിത്വത്തിന് മണ്ഡലത്തിലെ ഒരുവിഭാഗം കോൺഗ്രസ്​ പ്രവർത്തകരായിരുന്നു ആദ്യം മുന്നിലുണ്ടായിരുന്നത്. യു.ഡി.എഫ് നിയോജകമണ്ഡലം കമ്മിറ്റി ഭാരവാഹികൾതന്നെ ധർമജൻെറ സ്ഥാനാർഥിത്വത്തിനെതിരെ ഒളിഞ്ഞും തെളിഞ്ഞും പ്രവർത്തിച്ചു എന്നതും തുടക്കത്തിൽ ചർച്ചയായിരുന്നു. എന്നാൽ, കെ.പി.സി.സിയുടെ ഔദ്യോഗിക പ്രഖ്യാപനം വന്നെങ്കിലും കോൺഗ്രസ് പ്രവർത്തകരെ ഒറ്റക്കെട്ടായി അണിനിരത്താൻ കഴിഞ്ഞിട്ടില്ല. സെലിബ്രിറ്റി എന്നനിലയിൽ പ്രചാരണരംഗത്ത് ഏറെ മുന്നേറ്റം സൃഷ്​ടിക്കാൻ കഴിഞ്ഞതല്ലാതെ വോട്ടർമാരുടെ മനസ്സ് ഇളക്കാനൊന്നും കഴിഞ്ഞിട്ടില്ല എന്നാണ്​ വിലയിരുത്തൽ. എൽ.ഡി.എഫ് സ്ഥാനാർഥി സചിൻദേവ് നേരത്തെതന്നെ പ്രചാരണരംഗത്തിറങ്ങി മണ്ഡലത്തിലുടനീളം സാന്നിധ്യം ഉറപ്പാക്കി. ചിട്ടയായ പ്രചാരണ പ്രവർത്തനങ്ങൾ വഴി സ്വാധീനം ഉറപ്പിക്കാനായിട്ടുണ്ട്. പതിനായിരത്തോളം വോട്ടിൻെറ ഭൂരിപക്ഷത്തിന് സചിൻദേവ് വിജയിക്കുമെന്നാണ് കണക്കുകൂട്ടൽ. ആകെയുള്ള 2,24,239 വോട്ടർമാരിൽ പോൾ ചെയ്തത് 1,75,326 പേരാണ്. 78.18 ശതമാനമാണ് പോളിങ് നടന്നത്. എൻ.ഡി.എക്ക്​ മോശമല്ലാത്ത വോട്ടുവിഹിതം ബാലുശ്ശേരി മണ്ഡലത്തിലുണ്ട്. 2016ൽ 19,324 വോട്ട് നേടിയ എൻ.ഡി.എക്ക്​ 2019ലെ ലോക്​സഭ തെരഞ്ഞെടുപ്പിൽ 18,836 വോട്ടായി കുറഞ്ഞതാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പിലാകട്ടെ 18,599 ആയും കുറഞ്ഞു. കന്നി വോട്ടർമാരുടെ എണ്ണത്തിലാണ് എൻ.ഡി.എക്ക് പ്രതീക്ഷ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.