കോവിഡ്​ നിയന്ത്രണങ്ങളിൽ മറ്റൊരു ശനി കൂടി

കോഴിക്കോട്​: പടർന്നുപിടിക്കുന്ന കോവിഡിന്​ തടയിടാൻ കടുത്ത നിയന്ത്രണങ്ങളുമായി മറ്റൊരു ശനിയാഴ്​ച കൂടി. അനാവശ്യ യാത്രക്കാരെ കണ്ടെത്താൻ നഗരത്തിൽ വിവിധയിടങ്ങളിൽ പൊലീസ്​ റോഡിൽ ബാരിക്കേഡ്​ കെട്ടി പരിശോധിച്ചു. പാവങ്ങാട്​, വെസ്​റ്റ്​ഹിൽ, ക്രിസ്​ത്യൻ കോളജ്​, കല്ലായി റോഡ്​ തുടങ്ങി നഗരത്തിലെ പ്രധാന കവലകളിലായിരുന്നു പരിശോധന. മതിയായ കാരണമില്ലായെ യാത്രക്കിറങ്ങിയവരെ തിരിച്ചയച്ചു. പൊതുവിൽ ജനങ്ങൾ നിയന്ത്രണങ്ങൾ സ്വയം ഏറ്റെടുത്ത അവസ്​ഥയായിരുന്നു ശനിയാഴ്​ചയുമെന്ന്​ പൊലീസ്​ പറഞ്ഞു. ഭൂരിപക്ഷമാളുകളും വീടുകളിൽ തന്നെ തങ്ങി. സാധനങ്ങൾ വാങ്ങാനും മറ്റും തൊട്ടടുത്ത കടകളിലേക്കും മാർക്കറ്റുകളിലേക്കുമിറങ്ങിയവരെ പൊലീസ്​ തടഞ്ഞില്ല. ഓ​ട്ടോറിക്ഷകൾ നിരത്തിലിറങ്ങിയെങ്കിലും യാത്രക്കാർ കുറവായിരുന്നു. ബസ്​ സ്​റ്റാൻഡുകൾക്ക്​ മുന്നിലടക്കം ഓ​ട്ടോകളുടെ ക്യൂ പ്രത്യക്ഷപ്പെട്ടു. സ്വകാര്യ ബസുകളും കെ.എസ്​.ആർ.ടി.സിയും പേരിന്​ മാത്രം ഓടി. ബസുകളിലും ആളുകൾ കുറവായിരുന്നു. പാളയം, സെൻട്രൽ മാർക്കറ്റിലും പുതിയാപ്പ, വെള്ളയിൽ മീൻപിടിത്ത ഹാർബറിലും വെള്ളിയാഴ്​ച ഡെപ്യൂട്ടി മേയറുടെ നേതൃത്വത്തിൽ കോർപറേഷൻ സംഘം മിന്നൽ പരിശോധന നടത്തിയിരുന്നു. ആളുകൾ കൂടുന്നത്​ തടയാൻ കർശന നടപടിയെടുക്കണമെന്ന്​ നിർദേശം നൽകിയതോടെ ശനിയാഴ്​ച തിരക്കിന്​ ശമനമുണ്ടായിട്ടുണ്ട്​. വോ​ട്ടെണ്ണൽ ദിവസമായ ഞായറാഴ്​ചയും നിയന്ത്രണങ്ങൾ കടുപ്പിക്കാനാണ്​ തീരുമാനം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.