മത്സ്യത്തൊഴിലാളികളുടെ രക്ഷാകവചമായി ബേപ്പൂർ തുറമുഖത്തേക്ക് മറൈൻ ആംബുലൻസ്

ബേപ്പൂർ: കടൽസുരക്ഷക്കായി അത്യാധുനിക മറൈൻ ആംബുലൻസ് 'കാരുണ്യ' വ്യാഴാഴ്ച​ ബേപ്പൂർ തുറമുഖത്തെത്തും. മീൻപിടിത്തത്തിനിടയിൽ തൊഴിലാളികൾ അപകടത്തിൽപെടുന്ന സാഹചര്യങ്ങളിൽ, അതിവേഗ രക്ഷാപ്രവർത്തനത്തിനാണ്​ സംവിധാനം. ദുരന്തമുഖത്തുവെച്ചുതന്നെ പ്രാഥമിക ചികിത്സ ലഭ്യമാക്കി അതിവേഗം കരയിലെത്തിച്ച് ജീവൻ രക്ഷിക്കുന്നതിനുതകുന്ന സംവിധാനം ആംബുലൻസിലുണ്ട്. കൊച്ചിൻ ഷിപ്​യാർഡിൽ 6.08 കോടി രൂപ ചെലവ് ചെയ്താണ് 23 മീറ്റർ നീളവും 5.5 മീറ്റർ വീതിയും മൂന്നു​ മീറ്റർ ആഴവുമുള്ള ആംബുലൻസ് നിർമിച്ചത്. അപകടത്തിൽപെടുന്ന 10 പേരെ വരെ ഒരേസമയം സുരക്ഷിതമായി കിടത്തി പ്രാഥമിക ചികിത്സ നടത്തി കരയിലെത്തിക്കാൻ സാധിക്കും. 700 എച്ച്.പി വീതമുള്ള രണ്ട് സ്കാനിയ എൻജിനുകളാണ് ഘടിപ്പിച്ചത്. പരമാവധി 14 നോട്ടിക്കൽ മൈൽ വേഗം ലഭിക്കും. ചികിത്സ ലഭ്യമാക്കാൻ കഴിയുന്ന മെഡിക്കൽ ഉപകരണങ്ങളും മരുന്നുകളും ഒരുക്കിയ ആംബുലൻസിൽ 24 മണിക്കൂറും പാരാമെഡിക്കൽ സ്​റ്റാഫി​ൻെറ സേവനം ഉണ്ടായിരിക്കും. കേരള ഷിപ്പിങ്​ ആൻഡ്​ ഇൻലാൻഡ്​ നാവിഗേഷൻ കോർപറേഷനാണ് ആംബുലൻസുകൾ പ്രവർത്തിപ്പിക്കുന്നതിനുള്ള സാങ്കേതിക ജീവനക്കാരുടെ സേവനം ലഭ്യമാക്കുന്നത്. വ്യാഴാഴ്ച രാവിലെ വി.കെ.സി. മമ്മദ് കോയ എം.എൽ.എ മറൈൻ ആംബുലൻസിന് ബേപ്പൂർ തുറമുഖത്ത് സ്വീകരണം നൽകും. കോർപറേഷൻ മേയർ ബീന ഫിലിപ്പ്, ജില്ല കലക്ടർ എസ്. സാംബശിവറാവു, കൗൺസിലർമാർ, ഫിഷറീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.