മാവൂർ തണ്ണീർത്തടം കമ്യൂണിറ്റി റിസർവാക്കൽ; ഉദ്യോഗസ്ഥർ പരിശോധിച്ചു

മാവൂർ: കൽപള്ളി-തെങ്ങിലക്കടവ്-പള്ളിയോൾ തണ്ണീർത്തടം കമ്യൂണിറ്റി റിസർവ് ആക്കുന്നത് സംബന്ധിച്ച് പഠിക്കാൻ ഉദ്യോഗസ്ഥ സംഘമെത്തി. സാമൂഹിക വനവത്കരണ വിഭാഗം അഡീഷനൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഇ. പ്രദീപ്കുമാറി‍ൻെറ നേതൃത്വത്തിലാണ് സാധ്യത പരിശോധിച്ചത്. ഇതുസംബന്ധിച്ച് 2010ൽ ഗ്രാമപഞ്ചായത്ത് ആവശ്യമുയർത്തിയിരുന്നു. എന്നാൽ, പിന്നീട് കാര്യമായ പ്രവർത്തനങ്ങളൊന്നും ഉണ്ടായില്ല. തുടർന്ന്, സർക്കാർ മുൻകൈയെടുത്ത് നിർദേശം കലക്ടർക്കും സാമൂഹിക വനവത്കരണ വകുപ്പിനും കൈമാറുകയായിരുന്നു. ഇതനുസരിച്ചാണ് പരിശോധന. സാധ്യതയോടൊപ്പം ഗ്രാമപഞ്ചായത്തിനും ഭൂവുടമകൾക്കും വിഷയത്തിലുള്ള താൽപര്യവും പഠിക്കാനായിരുന്നു പരിശോധന. വന്യജീവി സംരക്ഷണ നിയമം സെക്​ഷൻ 36 അനുസരിച്ചായിരിക്കും പ്രഖ്യാപനം. വനംവകുപ്പി‍ൻെറ മേൽനോട്ടത്തിൽ ഗ്രാമപഞ്ചായത്ത് നിർദേശിക്കുന്ന അഞ്ചംഗ കമ്മിറ്റിക്കായിരിക്കും നടത്തിപ്പ്. ഭൂമി ഏറ്റെടുക്കില്ല. ഉടമസ്ഥാവകാശം വ്യക്തികൾക്ക് നിലനിർത്തും. കമ്യൂണിറ്റി റിസർവിന് അനുകൂല സാഹചര്യമുണ്ടെന്നും നിലവിൽ തടസ്സങ്ങളില്ലെന്നും ഇ. പ്രദീപ്കുമാർ 'മാധ്യമ'ത്തോട് പറഞ്ഞു. ആലപ്പുഴയിലും സമാനമായ പദ്ധതിക്ക് നിർദേശമുണ്ട്. രണ്ടി‍ൻെറയും നടപടികൾ ഒന്നിച്ചായിരിക്കും. ഉന്നത ഉദ്യാേഗസ്ഥരുമായി രണ്ടാഴ്ചക്കുള്ളിൽ സാധ്യത സംബന്ധിച്ച് ചർച്ച നടത്തും. തുടർന്ന്, പക്ഷി സർവേ അടക്കം നടത്തിയ ശേഷമായിരിക്കും പ്രഖ്യാപനം. തണ്ണീർത്തടത്തെ തനതുരീതിയിൽ സംരക്ഷിക്കുകയാണ് ചെയ്യുക. അസി. കൺസർവേറ്റർ എം. ജോഷിൽ, റേഞ്ച് ഫോറസ്​റ്റ്​ ഓഫിസർ എൻ.കെ. പവിത്രൻ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. മുനീറത്ത്, സ്​റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാരായ കെ.സി. വാസന്തി വിജയൻ, കെ. ഉസ്മാൻ, ജൈവവൈവിധ്യ മാനേജ്മൻെറ് കമ്മിറ്റി കൺവീനർ എ. മിനി, മെംബർ ടി. ആയിഷ എന്നിവരും കൂടെയുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.