തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന് പുറമെ മന്ത്രി കെ.ടി. ജലീലിനും സ്വർണക്കടത്ത് സംഘാംഗങ്ങളുമായി ബന്ധമുണ്ടോയെന്നതിന് തെളിവുകൾ തേടി അന്വേഷണസംഘം. ഉന്നതവിദ്യാഭ്യാസമന്ത്രി കെ.ടി. ജലീലിന് കീഴിലുള്ള സി-ആപ്റ്റ് എന്ന സ്ഥാപനത്തിൽ വ്യാഴാഴ്ച കസ്റ്റംസ് നടത്തിയ പരിശോധന അതിലേക്കാണ് വിരൽചൂണ്ടുന്നത്. മന്ത്രി ജലീൽ സ്വർണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷുമായി ഒമ്പതുതവണ ഫോണിൽ വിളിച്ചതിൻെറ വിശദാംശങ്ങൾ കസ്റ്റംസിന് ലഭിച്ചിരുന്നു. അതിനുപുറമെ മന്ത്രിയുടെ പേഴ്സനൽ സ്റ്റാഫ് സ്വപ്നയും മറ്റൊരു പ്രതിയായ സരിത്തുമായും സംസാരിച്ച വിവരങ്ങളും ലഭിച്ചു. തൻെറ മണ്ഡലത്തിൽ റമദാൻ കിറ്റ് വിതരണവുമായി ബന്ധപ്പെട്ട് യു.എ.ഇ കോൺസുലേറ്റിൻെറ നിർദേശാനുസരണമാണ് സ്വപ്നയെ വിളിച്ചതെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം. എന്നാൽ, ഇത് അന്വേഷണസംഘം വിശ്വസിച്ചിട്ടില്ലെന്നാണ് വ്യക്തമാകുന്നത്. മന്ത്രി ചട്ടലംഘനം നടത്തിയെന്ന റിപ്പോർട്ട് കേന്ദ്ര രഹസ്യാന്വേഷണവിഭാഗം നേരത്തേതന്നെ കേന്ദ്രത്തിന് സമർപ്പിച്ചിരുന്നു. നയതന്ത്ര സ്ഥാപന പ്രതിനിധികളും സ്ഥാപനങ്ങളുമായി സംസ്ഥാന മന്ത്രിമാർ ഇടപെടുന്നത് സംബന്ധിച്ച് വിദേശകാര്യ മന്ത്രാലയത്തിൻെറ കൃത്യമായ മാർഗനിർദേശമുണ്ട്. മന്ത്രി ജലീൽ അത് ലംഘിച്ചെന്നായിരുന്നു കേന്ദ്ര രഹസ്യാന്വേഷണവിഭാഗത്തിൻെറ റിപ്പോർട്ട്. അതിനുപുറമെ സംസ്ഥാന സർക്കാർ യു.എ.ഇ കോൺസുലേറ്റുമായി അതിരുവിട്ട ബന്ധം സ്ഥാപിച്ചിരുന്നതായും ചൂണ്ടിക്കാണിക്കപ്പെട്ടു. ഇക്കാര്യങ്ങളെല്ലാം വിദേശമന്ത്രാലയവും പരിശോധിക്കുകയാണ്. അതിനിടയിലാണ് ഇപ്പോൾ സി -ആപ്റ്റിലെ കസ്റ്റംസ് പരിശോധന. റിലീഫ് കിറ്റിനൊപ്പം മതഗ്രന്ഥങ്ങളും വിതരണം ചെയ്തെന്നവിവരമാണ് അന്വേഷണസംഘത്തിന് മുന്നിലുള്ളത്. അതിനാൽതന്നെ ഇതിന് മറ്റ് മാനങ്ങൾ നൽകിക്കൊണ്ടുള്ള അന്വേഷണത്തിലേക്ക് എൻ.ഐ.എ ഉൾപ്പെടെ നീങ്ങാനുള്ള സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാൽ അത് മന്ത്രി ജലീലിനും കുരുക്കാകും. മന്ത്രിയുടെ ഭൂതകാലം ഉൾപ്പെടെ ചൂണ്ടിക്കാട്ടിയുള്ള പ്രചാരണമാണ് ഫോൺ വിളി വിശദാംശങ്ങൾ പുറത്തുവന്നപ്പോൾ ചില ദേശീയമാധ്യമങ്ങൾ നടത്തിയത്. സ്വന്തം ലേഖകൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.