ദിവസവേതനം നിലച്ചു; സങ്കടഹരജിയുമായി അധ്യാപകര്‍

2011 നുശേഷം എയ്ഡഡ് സ്കൂളില്‍ നിയമനം ലഭിച്ച് മതിയായ കുട്ടികളില്ലാത്തതിനാല്‍ അംഗീകാരം കിട്ടാത്ത അധ്യാപകരാണിവര്‍ വടകര: ദിവസവേതനം നിലച്ചതോടെ ബുദ്ധിമുട്ടിലായതിനാല്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് ജനപ്രതിനിധികള്‍ക്ക് അധ്യാപകരുടെ സങ്കടഹരജി. മതിയായ എണ്ണം കുട്ടികളില്ലെന്ന കാരണത്താല്‍ എയ്ഡഡ് സ്കൂളുകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ജോലിചെയ്യുന്നവരാണ് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമുള്‍പ്പെടെ ഓണ്‍ലൈനില്‍ നിവേദനം നല്‍കിയത്. സ്കൂളിലെത്തി ഒപ്പിടുന്ന ദിവസങ്ങളുടെ എണ്ണം കണക്കാക്കിയാണ് ഈ വിഭാഗം അധ്യാപകര്‍ക്ക് വേതനം നല്‍കുന്നത്. എന്നാല്‍, ഇത്തവണ സ്കൂള്‍ തുറന്നില്ലെന്ന കാരണത്താൽ ഇവര്‍ക്ക് വേതനം ലഭിക്കുന്നില്ല. കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ഈ വിഭാഗത്തിലുള്ള അധ്യാപകര്‍ കൂടുതലുള്ളത്. സംസ്ഥാനത്താകെ 800 ഓളം പേരുണ്ട്. 2011നുശേഷം നിയമനം ലഭിച്ചവര്‍ക്കാണ് മതിയായ എണ്ണം കുട്ടികളില്ലെന്ന കാരണത്താല്‍ അംഗീകാരം കിട്ടാതെയുള്ളത്. ഓണ്‍ലൈന്‍ പഠനം തുടങ്ങിയതുമുതല്‍ ഇതുമായി ബന്ധപ്പെട്ട് മറ്റധ്യാപകരെപ്പോലെ ഇവരും ജോലിചെയ്യുന്നുണ്ട്. ഓരോ ക്ലാസി‍ൻെറയും ചുമതല ഏറ്റെടുത്ത് വാട്സ്​ആപ്​ ഗ്രൂപ്പുകള്‍ വഴി തുടര്‍പ്രവര്‍ത്തനങ്ങള്‍ നല്‍കല്‍, വിദ്യാര്‍ഥികളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തല്‍, സംശയനിവാരണം തുടങ്ങിയവക്ക്​ ഇവരും മണിക്കൂറുകള്‍ ചെലവഴിക്കുന്നുണ്ട്. സ്കൂളിലെ യോഗങ്ങളിലും മറ്റു പരിപാടികളിലും സംബന്ധിക്കുകയും ചെയ്യുന്നു. എന്നാല്‍, അധ്യയനവർഷം രണ്ടുമാസം പിന്നിടുമ്പോഴും ഇവരുടെ വേതനം സംബന്ധിച്ച് തീരുമാനമായിട്ടില്ല. സ്കൂള്‍ തുറക്കാന്‍ വൈകുന്ന സാഹചര്യത്തില്‍ വേതനമില്ലാതെ മാസങ്ങളോളം മുന്നോട്ടുപോകാന്‍ കഴിയില്ലെന്ന് അധ്യാപകര്‍ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.