സർക്കാർ സംവിധാനം നോക്കുകുത്തിയായി; മൃതദേഹം നാലു മണിക്കൂർ നാദാപുരം താലൂക്ക് ആശുപത്രി വരാന്തയിൽ

നാദാപുരം: വിദേശത്തുനിന്ന് നാട്ടിലെത്തി വീട്ടിൽ കോവിഡ് നിരീക്ഷണത്തിൽ കഴിയവെ കുഴഞ്ഞുവീണ് മരിച്ച വളയത്തെ പ്രവാസിയുടെ മൃതദേഹം നാലു മണിക്കൂർ നാദാപുരം താലൂക്ക് ആശുപത്രി വരാന്തയിൽ. സാങ്കേതികത്വത്തി​ൻെറ പേരിൽ 108 ആംബുലൻസ് ലഭിക്കാത്തതാണ് മൃതദേഹം ആശുപത്രി വരാന്തയിൽ കിടത്തേണ്ടി വന്നത്. വളയത്ത് ക്വാറൻറീനിലായ പ്രവാസി കുളങ്ങരത്ത് അബ്​ദുൽ കരീമി​ൻെറ മൃതദേഹവുമായാണ് നാട്ടുകാർ വട്ടം കറങ്ങിയത്. ആശുപത്രിയിലെത്തിക്കാൻ 108 ആംബുലൻസിനായി ആരോഗ്യ വകുപ്പ് അധികൃതരെ ബന്ധപ്പെട്ടിട്ടും ആംബുലൻസ് ലഭ്യമായില്ലെന്നാണ് പരാതി. വളയം സി.എച്ച്.സി വളപ്പിൽ മൂന്ന് ആംബുലൻസുകൾ ഉണ്ടായിരുന്നിട്ടും സർക്കാർ സംവിധാനത്തിലെ അനാവശ്യ സാങ്കേതികത്വം കാരണമാണ് ക്വാറൻറീനിലുള്ളയാളെ ആശുപത്രിയിലെത്തിക്കാൻ ആംബുലൻസ് നിഷേധിച്ചത്. അര മണിക്കൂറിനുശേഷം പൊലീസ് അനുമതിയിൽ സ്വകാര്യ വാഹനത്തിൽ രോഗിയെ നാദാപുരം താലൂക്ക് ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മരണം സ്ഥിരീകരിച്ചതിനെ തുടർന്ന് താലൂക്ക് ആശുപത്രിയിൽനിന്ന് സ്രവ പരിശോധനക്കും തുടർനടപടികൾക്കുമായി മൃതദേഹം വടകര ജില്ല ആശുപത്രിയിലേക്ക് മാറ്റുന്നതിനായി ബന്ധുക്കൾ 108 ആംബുലൻസ് സേവനം ആവശ്യപ്പെട്ടതിനെ തുടർന്ന് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടർ ജില്ല കൊറോണ സെല്ലുമായി ബന്ധപ്പെട്ടെങ്കിലും ഏറെ കാത്തിരുന്നിട്ടും ആംബുലൻസ് ലഭിച്ചില്ല. മണിക്കൂറുകൾ കാത്തിരുന്നിട്ടും ആംബുലൻസ് ലഭ്യമാവാത്തതിനെ തുടർന്ന് രണ്ടാമതും ബന്ധപ്പെട്ടെങ്കിലും 108 ആംബുലൻസ് ലഭ്യമല്ലെന്നും പെയ്ഡ് ആംബുലൻസ് വിട്ടു തരാമെന്നുമാണ് മറുപടി ലഭിച്ചത്. എന്നാൽ, ഒരു മണിക്കൂറോളം വീണ്ടും കാത്തിരുന്നിട്ടും ആംബുലൻസ് എത്താതിരുന്നതിനെ തുടർന്ന് ഡ്യൂട്ടി ഡോക്ടർ ജില്ല കോവിഡ്​ സെല്ലുമായി ബന്ധപ്പെട്ടെങ്കിലും പെയ്ഡ് ആംബുലൻസ് ലഭിച്ചിട്ടുണ്ടെന്നും പി.പി.ഇ കിറ്റ് ലഭ്യമല്ലാത്തതിനാലാണ് വരാൻ കഴിയാതിരുന്നത് എന്നുമുള്ള മറുപടിയാണ് ലഭിച്ചത്. തുടർന്ന് പി.പി.ഇ കിറ്റ് ആശുപത്രിയിൽനിന്ന് ലഭ്യമാക്കാമെന്ന് ഡ്യൂട്ടി ഡോക്ടർ അറിയിച്ചതിനെ തുടർന്നാണ് അർധരാത്രിയോടെ സ്വകാര്യ ആംബുലൻസ് വിട്ടുനൽകിയത്. ആംബുലൻസിനായുള്ള കാത്തിരിപ്പുമായി മണിക്കൂറുകൾ ബന്ധുക്കളും ജനപ്രതിനിധികളും കാത്തിരിക്കേണ്ടിവന്നപ്പോൾ നിരുത്തരവാദപരമായ സർക്കാർ സംവിധാനത്തി​ൻെറ ഫലമായി നാലുമണിക്കൂറാണ് ഒരു മൃതദേഹം ആശുപത്രി വരാന്തയിൽ കിടത്തേണ്ടി വന്നത്. പ്രവാസിസമൂഹത്തെ ശത്രുക്കളെപോലെ കാണുന്ന സർക്കാർ നിലപാടി​ൻെറ പ്രതിഫലനമാണ് മൃതദേഹത്തോട് കാണിച്ച ഈ അനാദരവെന്നും കോവിഡ് പ്രധിരോധ പ്രവർത്തനങ്ങളിൽ സർക്കാർ കാണിക്കുന്ന ഈ ഗുരുതര അലംഭാവം പ്രതിഷേധാർഹമാണെന്നും കോഴിക്കോട് ജില്ല പഞ്ചായത്ത് യു.ഡി.എഫ് പാർലമൻെററി പാർട്ടി ലീഡർ അഹമ്മദ് പുന്നക്കൽ കുറ്റപ്പെടുത്തി. ക്വാറൻറീനിൽ കഴിയുന്നവർക്ക് അർഹതപ്പെട്ട സേവനങ്ങൾ നിഷേധിക്കുകയും മൃതദേഹത്തോട് അനാദരവ് കാണിക്കുകയും ചെയ്ത സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് മുസ്‌ലിംലീഗ് വളയം പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. ടി.ടി.കെ ഖാദർ ഹാജി അധ്യക്ഷത വഹിച്ചു. ടി.എം.വി. അബ്​ദുൽ ഹമീദ്, സി.വി കുഞ്ഞബ്​ദുല്ല, ഇ. അമ്മദ് ഹാജി, പി.പി. സാദിഖ്, കോറോത്ത് അഹമ്മദ് ഹാജി, നസീർ വളയം, ഹസ്സൻ കുന്നുമ്മൽ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.