പടം -ഗിരീഷ്​ ഉരുൾപൊട്ടൽ ഭീഷണി; പ്രക്ഷോഭവുമായി കുണ്ടൻചാൽ കോളനിവാസികൾ

കണ്ണൂർ: ഉരുൾപൊട്ടൽ ഭീഷണി നേരിടുന്ന കുണ്ടൻചാൽ കോളനിവാസികൾ കലക്ടറേറ്റിന്​ മുന്നിൽ ധർണ നടത്തി. ചിറക്കൽ പഞ്ചായത്തിലെ തട്ടുകോളനിയായ കുണ്ടൻചാൽ കോളനിയിലെ 31ഓളം കുടുംബങ്ങളാണ്​ ഉരുൾപൊട്ടൽ ഭീഷണി നേരിടുന്നത്​. വിഷയത്തിൽ അധികൃതരുടെ ഭാഗത്തുനിന്ന്​ ശാശ്വത നടപടിയുണ്ടാകാത്തതിൽ പ്രതിഷേധിച്ചാണ്​ പ്രദേശവാസികൾ കലക്ടറേറ്റിന്​ മുന്നിൽ ധർണ നടത്തിയത്​​. പഞ്ചായത്തിലെ 14ാം വാർഡിൽപെട്ട​ കോളനി ഒരു പതിറ്റാണ്ടിലേ​റെയായി ഉരുൾപൊട്ടൽ ഭീഷണിയിലാണ്​. മഴക്കാലമായാൽ മിക്ക വീടിന് മുകളിലും മണ്ണിടിഞ്ഞുവീഴുന്നത്​ പതിവാണ്​. മഴ കനത്താൽ ഏതുസമയവും വീട്​ ഉരുൾപൊട്ടലിൽ നശിക്കുമെന്ന ഭയത്തിലാണ്​ കുടുംബങ്ങൾ കഴിയുന്നത്​. വിഷയം പഞ്ചായത്ത്​, ജില്ല അധികൃതരുടെ ​ശ്രദ്ധയിൽപെടുത്തിയിട്ടും നടപടിയില്ല എന്നാണ്​ കോളനിവാസികളുടെ ആരോപണം. അതിനാൽ കുടുംബങ്ങളെ മറ്റൊരിടത്ത്​ പുനരധിവസിപ്പിക്കണമെന്നാണ്​ ഇവരുടെ ആവശ്യം. ധർണ അഡ്വ. കസ്തൂരിദേവൻ ഉദ്​ഘാടനം ചെയ്​തു. പട്ടികജാതി-വർഗ ഐക്യവേദി ജില്ല പ്രസിഡന്‍റ്​ സന്തോഷ്​ പയ്യന്നൂർ അധ്യക്ഷത വഹിച്ചു. കെ. സനീഷ്​ സ്വാഗതവും സനീഷ്​ കാങ്കോൽ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.