വീടിരിക്കുന്ന ഭൂമി ഡേറ്റ ബാങ്കിൽ: കൃഷി ഓഫിസറെ മനുഷ്യാവകാശ കമീഷൻ വിളിച്ചുവരുത്തും

കോഴിക്കോട്: മുതിർന്ന പൗരൻ 1998ൽ വീടുനിർമിച്ച് താമസിക്കുന്ന സ്ഥലം നഞ്ചയാണെന്ന് തെറ്റായി രേഖപ്പെടുത്തി ഡേറ്റ ബാങ്കിൽ ഉൾപ്പെടുത്തിയ പുതിയറ കൃഷി ഓഫിസർ സിറ്റിങ്ങിൽ നേരിട്ട് ഹാജരായി വിശദീകരണം സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ. കമീഷൻ അംഗം കെ. ബൈജുനാഥിന്റേതാണ് ഉത്തരവ്. ആഗസ്റ്റ് 31ന് രാവിലെ 10.30ന് കലക്ടറേറ്റ് ഹാളിൽ നടക്കുന്ന സിറ്റിങ്ങിലാണ് ഉദ്യോഗസ്ഥൻ ഹാജരാകേണ്ടത്. കോട്ടൂളി സ്വദേശി കെ. ശ്രീനിവാസൻ സമർപ്പിച്ച പരാതിയിലാണ് നടപടി. 1996ൽ തരംമാറ്റിയ ഭൂമിയിലാണ് പരാതിക്കാരൻ വീടുവെച്ചത്. തരം മാറ്റിയ സർട്ടിഫിക്കറ്റ് ബന്ധപ്പെട്ടവർക്ക് അയച്ചുകൊടുത്തതായി പരാതിയിൽ പറയുന്നു. ഭൂരേഖ കമ്പ്യൂട്ടർവത്കരിച്ച സമയത്ത് തരംമാറ്റൽ ശ്രദ്ധിക്കാതെ ഡേറ്റ ബാങ്കിൽ ഉൾപ്പെടുത്തുകയായിരുന്നു. ഡേറ്റ ബാങ്കിൽ ഉൾപ്പെടുത്തുംമുമ്പ് ഒരു പരിശോധനയും നടത്തിയില്ലെന്ന് പരാതിയിൽ പറയുന്നു. മാലിന്യ സംസ്കരണം സന്നദ്ധ സംഘടനകൾ ഏറ്റെടുക്കണം -കെ. മുരളീധരൻ എം.പി കോഴിക്കോട്: ആരോഗ്യ മേഖല നേരിടുന്ന വലിയ വിപത്തായ മാലിന്യ സംസ്കരണം റോട്ടറി പോലുള്ള സന്നദ്ധ സംഘടനകൾ ഏറ്റെടുക്കണമെന്ന് കെ. മുരളീധരൻ എം.പി. റോട്ടറി ക്ലബ് ഈസ്റ്റ് സർവിസ് പ്രോജക്ടിന്‍റെ ഭാഗമായി ഏർപ്പെടുത്തിയ 1000 മൺസൂൺ ഓണക്കിറ്റ് വിതരണ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. നല്ല ആരോഗ്യമുണ്ടാകാൻ പരിസരം വൃത്തിയാക്കുകയെന്ന ബോധം എല്ലാവരിലും ഉണ്ടാകണം. മാലിന്യ സംസ്കരണ പദ്ധതികൾ സർക്കാർ കൊണ്ടുവരുമ്പോൾ പ്രതിഷേധങ്ങളും വിവാദങ്ങളും വരും. ഇതിന് പരിഹാരമാണ് സന്നദ്ധ സംഘടനകൾ ഏറ്റെടുക്കലെന്ന് മുരളീധരൻ അഭിപ്രായപ്പെട്ടു. പ്രസിഡന്‍റ്​ എം. ശ്രീകുമാർ അധ്യക്ഷത വഹിച്ചു. റോട്ടറി ഡിസ്ട്രിക്ട് അഡ്മിനിസ്ട്രേറ്റിവ് സെക്രട്ടറി ഡോ. പി. പ്രശാന്ത് മുഖ്യാതിഥിയായി. ഡോ. സേതു ശിവശങ്കർ, ഡോ. പി.ആർ. ശശീന്ദ്രൻ, ഡോ. സി.എൻ. അജിത, എ. മണി, സുന്ദർ രാജുലു എന്നിവർ സംസാരിച്ചു. പടം.....rotary റോട്ടറി ക്ലബ് ഓഫ് കാലിക്കറ്റ് ഈസ്റ്റ് മൺസൂൺ ഓണക്കിറ്റ് വിതരണോദ്​ഘാടനം നിർവഹിച്ച്​ കെ. മുരളീധരൻ എം.പി സംസാരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.