സമാന്തര ടെലി​ഫോൺ എക്സ്​ചേഞ്ച്​ കേസ്​: മുഖ്യസൂത്രധാരനെ ഉടൻ കസ്റ്റഡിയിൽ വാങ്ങി​ ചോദ്യംചെയ്യും

കോഴിക്കോട്​: സമാന്തര ടെലി​ഫോൺ എക്സ്​ചേഞ്ച്​ കേസിൽ റിമാൻഡിലായ മുഖ്യ സൂത്രധാരൻ മൂരിയാട്​ സ്വദേശി പി.പി. ഷബീറിനെ സി ബ്രാഞ്ചിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഉടൻ കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്യും. വർഷത്തിലേറെയായി ഒളിവിൽ കഴിഞ്ഞ ഇയാൾ വെള്ളിയാഴ്ച രാത്രി വയനാട് പൊഴുതന-കുറിച്യാർമല റോഡ് ജങ്ഷനിൽ നിന്നാണ്​ പിടിയിലായത്. വയനാട്ടിൽ പണികഴിപ്പിക്കുന്ന റിസോർട്ടിലേക്കെത്തിയതായിരുന്നു ഇയാൾ. കോഴിക്കോട്ടേതടക്കം സംസ്ഥാനത്ത്​ ഒന്നര വർഷത്തിനുള്ളിൽ രജിസ്​റ്റർ ​ചെയ്ത്​ 12 സമാന്തര ടെലി​​ഫോൺ എക്സ്​ചേഞ്ച്​ കേസുകളുടെ അന്വേഷണ മേൽനോട്ട ചുമതലയുള്ള തൃശൂർ റൂറൽ ജില്ല പൊലീസ്​ മേധാവി ഐശ്വര്യ ഡോംഗ്രയുടെ നേതൃത്വത്തിലുളള സംഘവും ഇയാളെ ചോദ്യം ചെയ്യും. മാത്രമല്ല, തീവ്രവാദ വിരുദ്ധ സ്​ക്വാഡും വിവരങ്ങൾ ശേഖരിക്കും. ഇതിനോടകമുള്ള അന്വേഷണത്തിൽ, സംഘത്തിൽനിന്ന്​ സേവനം പ്രയോജനപ്പെടുത്തി ഇവർക്ക്​ കോടിക്കണക്കിന്​ രൂപ കൈമാറിയതാരെന്ന കാര്യത്തിൽ വ്യക്​തതയില്ല. ഇക്കാര്യമാണ്​ പ്രധാനമായും പൊലീസ്​ ചോദിച്ചറിയുക. വിവര ശേഖരണത്തിന്​ മുന്നോടിയായി പ്രത്യേകം ചോദ്യാവലി അ​ന്വേഷണസംഘം തയാറാക്കും. കേസിൽ പിടിയിലാവാനുള്ള ബേപ്പൂർ സ്വദേശി പി. അബ്​ദുൽ ഗഫൂർ, പൊറ്റമ്മൽ സ്വദേശി എം.ജി. കൃഷ്ണപ്രസാദ്​, മലപ്പുറം വാരങ്ങോട്​ സ്വദേശി നിയാസ്​ കുട്ടശ്ശേരി എന്നിവരെ സംബന്ധിച്ചുള്ള​ വിവരവും ചോദിച്ചറിയും. അവസാനം പ്രതിചേർക്കപ്പെട്ട നിയാസ്​ വിദേശത്താണെന്നാണ്​ സൂചന. പ്രതികൾ നേരത്തേ ഹൈകോടതിയിലടക്കം മുൻകൂർ ജാമ്യത്തിന്​ ശ്രമിച്ചെങ്കിലും തള്ളുകയായിരുന്നു. ഐ.ടി ആക്​ടിലെ 66ാം എഫ്​ വകുപ്പ്​ കേസിലുൾപ്പെടുത്തിയതിനാൽ എൻ.ഐ.എ അന്വേഷണം വേണമെന്ന നിലപാടിലാണ്​ അന്വേഷണ സംഘം. ഇതിനായുള്ള നടപടിയും പൊലീസ്​ സ്വീകരിച്ചിട്ടുണ്ട്​. രാജ്യാന്തര ബന്ധമുള്ളവരാണ്​ കോഴിക്കോട്​ സമാന്തര എക്സ്​ചേഞ്ചുകൾ സ്ഥാപിച്ചതിന്​ പിന്നിലെന്ന്​ നേരത്തേ വ്യക്​തമായിരുന്നു. മിലിട്ടറി ഇന്‍റലിജൻസ്​ ബംഗളൂരുവിൽനിന്ന്​ അറസ്റ്റു​ചെയ്ത കോട്ടക്കൽ സ്വദേശി ഇബ്രാഹീം പുല്ലാട്ടിന്‍റെ ബന്ധം വെളിവായതോടെയാണ്​ ഈ നിലക്കും അന്വേഷണം നടന്നത്​. മാത്രമല്ല, പാലക്കാട്​ സമാന്തര ​ടെലിഫോൺ എക്സ്​ചേഞ്ച്​ സ്ഥാപിച്ച കേസിൽ അറസ്റ്റിലായ മൊയ്തീൻകോയ ഷബീറിന്‍റെ ബന്ധുവാ​ണെന്നും നേരത്തേ വ്യക്​തമായിരുന്നു. ഏറെക്കാലമായി ഒളിവിൽ കഴിഞ്ഞ പ്രതികൾ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സി ബ്രാഞ്ച്​ അസി. കമീഷണർ അനിൽ ശ്രീനിവാസൻ സ്ഥലംമാറി പോയതിനുപിന്നാലെയാണ്​ പുറത്തിറങ്ങിയത്​. ഷബീർ ഷമീർ എന്നപേരിൽ വയനാട്ടിൽ വന്ന്​ റിസോർട്ട്​ നിർമാണത്തിന്​ ചുക്കാൻപിടിക്കുന്നതായും ലഭിച്ച സൂചനയു​ടെ അടിസ്ഥാനത്തിൽ പുതിയ ഉദ്യോഗസ്ഥൻ എത്തുന്നതുവരെ സി ബ്രാഞ്ചിന്‍റെ ചുമതല വഹിക്കുന്ന ​ട്രാഫിക്​ അസി. കമീഷണർ എ.ജെ. ​ജോൺസ​ന്‍റെ നേതൃത്വത്തിലുള്ള സംഘമാണ്​ ഇയാളെ പിടികൂടിയത്​. കുഴൽപണ, സ്വർണക്കടത്ത്​, അധോലോക സംഘങ്ങൾക്കാണ്​ ഇവർ സമാന്തര എക്​സ്​ചേഞ്ചിന്‍റെ സേവനം നൽകിയത്​ എന്നാണ്​ വിവരം. ഒളിവിലുള്ള പ്രതികൾക്കായി പൊലീസ്​ ലുക്കൗട്ട്​ സർക്കുലർ പുറത്തിറക്കിയതിനാൽ പൂർണമായും രൂപംമാറിയാണ്​ ഇയാൾ വയനാട്ടിലെത്തിയത്​. തന്ത്രപരമായ നീക്കത്തിനൊടുവിൽ​ പൊലീസ്​ ഇയാ​​ളെത്തിയ കാർ സഹിതമാണ്​ പിടികൂടിയത്​. 2021 ജൂ​ലൈ ഒ​ന്നി​നാ​ണ്​ നഗരത്തിൽ ഏ​ഴി​ട​ത്ത്​ സ​മാ​ന്ത​ര ടെ​ലി​ഫോ​ൺ എ​ക്സ്​​ചേ​ഞ്ചു​ക​ൾ ക​ണ്ടെ​ത്തി​യ​ത്. ഇവിടങ്ങളിൽനിന്ന്​ സിംബോക്സടക്കം ഉപകരണങ്ങളും നൂറുകണക്കിന്​ സിം കാർഡുകളുമാണ്​ ക​ണ്ടെത്തിയത്​. പരിശോധനക്കിടെ ഇവിടത്തെ ജീവനക്കാരൻ ​​കൊളത്തറ സ്വദേശി ജുറൈസാണ്​ ആദ്യം അറസ്റ്റിലായത്​. പിന്നീട്​ സമാന കേസിൽ ബംഗളൂരുവിൽ മിലിട്ടറി ഇൻറലിജൻസ്​ പിടികൂടിയ ഇബ്രാഹീം പുല്ലാട്ടിനെയും കേസിൽ പ്രതി ചേർത്ത്​ അറസ്റ്റുചെയ്യുകയായിരുന്നു. -സ്വന്തം ലേഖകൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.