ആയഞ്ചേരി: വടകര പൊലീസ് കസ്റ്റഡിയിൽ മരണപ്പെട്ട സജീവന്റെ മരണത്തിന് കാരണക്കാരായ കുറ്റവാളികളെ അറസ്റ്റ് ചെയ്യണമെന്നും സജീവന്റെ കുടുംബത്തിന് സർക്കാർ മതിയായ നഷ്ടപരിഹാരം നൽകണമെന്നുമാവശ്യപ്പെട്ട് കല്ലേരി ജനകീയ സമരസമിതി പ്രക്ഷോഭത്തിന്. സമരത്തിന്റെ ആദ്യഘട്ടമെന്ന നിലയിൽ കല്ലേരിയിൽ സ്വാതന്ത്ര്യദിനത്തിൽ നാട്ടുകാർ പ്രതിഷേധ മാർച്ചും, സംഗമവും സംഘടിപ്പിച്ചു. സജീവനും കുടുംബത്തിനും നീതിലഭ്യമാകും വരെ പ്രക്ഷോഭത്തിനിറങ്ങുമെന്ന് സമരസമിതി പ്രവർത്തകർ പറഞ്ഞു. കഴിഞ്ഞ മാസം 22നാണ് വടകര കല്ലേരി കൊലോത്ത് സജീവൻ (40) പൊലീസ് സ്റ്റേഷനുമുന്നിൽ കുഴഞ്ഞുവീണ് മരിക്കുന്നത്. നിസ്സാര കേസിൽ ചേദ്യം ചെയ്യാൻ വിളിപ്പിച്ച സജീവനെ എസ്.ഐയുടെ നേതൃത്വത്തിൽ ക്രൂരമായി മർദിക്കുകയായിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ടിലും ഇൻക്വസ്റ്റ് റിപ്പോർട്ടിലും ഇത് വ്യക്തമായിരുന്നു. സംഭവം വിവാദമായതോടെ വടകര സ്റ്റേഷനിലെ എസ്.ഐ എം. നിജീഷ്, സി.പി.ഒ പ്രജീഷ് എന്നിവരെ സസ്‌പെൻഡ് ചെയ്യുകയുണ്ടായി. കൂടാതെ വടകര സ്റ്റേഷനിലെ മുഴുവൻ പൊലീസുകാരേയും മാറ്റുന്ന സാഹചര്യവുമുണ്ടായി. കേസ് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തതോടെ എസ്.ഐ അടക്കം രണ്ടുപേർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസെടുക്കുകയുണ്ടായി. സംഭവം നടന്നിട്ട് ഒരു മാസം കഴിഞ്ഞിട്ടും പ്രദേശത്തുകാരായ എസ്.ഐയും പൊലീസുകാരനേയും അന്വേഷണ സംഘത്തിന് അറസ്റ്റ് ചെയ്യാനായില്ല. പ്രതികൾ ഒളിവിലായിരുന്നെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ വിശദീകരണം. ഒരാഴ്ചമുമ്പാണ് പൊലീസുകാർ കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. ജാമ്യാപേക്ഷയിൽ വിധിപറയുന്നതുവരെ ഇവരുടെ അറസ്റ്റ് മനഃപൂർവം പൊലീസ് നീട്ടിക്കൊണ്ടുപോവുകയായിരുന്നെന്ന് കല്ലേരിയിലെ സമരസമിതി പ്രവർത്തകർ ആരോപിക്കുന്നു. കേസിലെ പ്രതികളും അന്വേഷിക്കുന്നവരും പൊലീസ് ഉദ്യോഗസ്ഥരായ തിനാൽ സജീവനും കുടുംബത്തിനും നീതികിട്ടുക വലിയ വെല്ലുവിളിയാണെന്ന് നാട്ടുകാർ പറയുന്നു. സജീവന്റെ കുടംബത്തിന് നീതിക്കും അർഹമായ നഷ്ടപരിഹാരവും ലഭ്യമാകുന്നതു വരെ പൊലീസ് സ്റ്റേഷൻ മാർച്ച് ഉൾപ്പടെ സമരപരിപാടികളുമായി മുന്നിട്ടിറങ്ങുമെന്ന് ജനകീയ സമരസമിതി പ്രവർത്തകർ പറഞ്ഞു. പടം.. പൊലീസ് സ്റ്റേഷനിൽ മരണപ്പെട്ട സജീവന് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കല്ലേരിയിൽ നടന്ന പ്രതിഷേധ കൂട്ടായ്മ ഡോ. കെ.എം. ഭരതൻ ഉദ്ഘാടനം ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.