അധ്യാപകരെ നിയമിക്കുമെന്ന ഉറപ്പ്​; രക്ഷിതാക്കൾ സമരത്തിൽനിന്ന് പിന്മാറി

മാഹി: മേഖലയിലെ സ്കൂളുകളിൽ കുട്ടികളെ അയക്കാതെയുള്ള സംയുക്ത രക്ഷാകർതൃ അസോസിയേഷൻ സമരം വിജയത്തിലേക്ക്. 30നകം സ്കൂളുകളിൽ ആവശ്യമുള്ള അധ്യാപകരെ നിയമിക്കുമെന്ന് റീജനൽ അഡ്മിനിസ്ട്രേറ്റർ തങ്ങൾക്ക് ഉറപ്പ് നൽകിയതായി അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. വിദ്യാലയങ്ങളിൽ ഒഴിഞ്ഞുകിടക്കുന്ന അധ്യാപക തസ്തികകളിൽ നിയമനം നടത്തണമെന്ന് നിരവധി തവണ അധികാരികളോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അനുകൂല നടപടികൾ സ്വീകരിക്കാത്തതിനാലാണ് സമരം ശക്തമാക്കിയത്. പ്രതിഷേധ സമരത്തിന് മാഹി മേഖലയിലെ വിവിധ സ്കൂളുകൾ കേന്ദ്രീകരിച്ച് അസോസിയേഷൻ പ്രസിഡൻറുമാർ നേതൃത്വം നൽകി. റീജനൽ അഡ്മിനിസ്ട്രേറ്ററുടെ ഓഫിസിന് മുന്നിൽ നിൽപ് സമരവും നടത്തി. റീജനൽ അഡ്മിനിസ്ട്രേറ്ററുടെ ഉറപ്പിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്. മാഹിയിലെ സ്കൂളുകളിൽ രക്ഷാകർതൃ അസോസിയേഷനിൽ ഭാരവാഹികളാകുന്നതും അംഗത്വമുള്ളതും രക്ഷിതാക്കൾക്ക് മാത്രമാണ്. എന്നാൽ, ഔദ്യോഗിക സംവിധാനമില്ലാതെ മാഹിയിലെ രണ്ട് അധ്യാപക സംഘടനകളുടെ പ്രതിനിധികൾ മേഖലയിലെ 18 സർക്കാർ സ്കൂളുകളിലുള്ള അസോസിയേഷനുകളെ ഏകോപിപ്പിച്ചു രൂപവത്കരിച്ച സംയുക്ത രക്ഷാകർതൃ അസോസിയേഷനുമായി സഹകരിക്കുന്നുണ്ട്. സമരത്തിന് സംയുക്ത അസോസിയേഷൻ പ്രസിഡന്റ് ഷാനിദ് മേക്കുന്ന്, ജനറൽ സെക്രട്ടറി കെ.വി. സന്ദീവ്, ഭാരവാഹികളായ ഷിബു കാളാണ്ടിയിൽ, ഷൈനി ചിത്രൻ, ശിവൻ തിരുവങ്ങാടൻ, ബൈജു പൂഴിയിൽ, കെ.രസ്ന എന്നിവർ നേതൃത്വം നൽകി. Caption: കുട്ടികളെ സ്കൂളിലയക്കാതെ സംയുക്ത രക്ഷാകർതൃ അസോസിയേഷന്റെ നേതൃത്വത്തിൽ അഡ്മിനിസ്ട്രേറ്റർ ഓഫിസിനു മുന്നിൽ നിൽപ് സമരം നടത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.