ഇർഷാദിന്റെ കൊലപാതകം; മുഖ്യപ്രതികളെ നാട്ടിലെത്തിക്കാൻ പൊലീസ് ശ്രമം തുടങ്ങി

പേരാമ്പ്ര: പന്തിരിക്കരയിൽ സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതികളെ നാട്ടിലെത്തിക്കാൻ പൊലീസ് നീക്കം തുടങ്ങി. കൊടുവള്ളി കൈതപ്പൊയിൽ സ്വദേശി 916 നാസർ എന്ന മുഹമ്മദ് സ്വാലിഹ്, ഇയാളുടെ ബന്ധു ഷംനാദ് എന്നിവർക്കെതിരെ റെഡ് കോ‌ർണർ നോട്ടീസ് പുറപ്പെടുവിക്കാനാണ് നീക്കം. ഇതിനായി ഇവരുടെ പാസ്പോർട്ട് വിവരങ്ങൾ പൊലീസ് ശേഖരിച്ചു. സി.ബി.ഐ മുഖേനയാണ് റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കാനാകുക. ഇന്റർപോളിനെ ഉൾപ്പെടെ ബന്ധപ്പെട്ട് ഇരുവരെയും നാട്ടിലെത്തിക്കാനാണ് നീക്കം. ഇർഷാദിനെ തട്ടിക്കൊണ്ടുപോയത് സ്വാലിഹിന്റെ നേതൃത്വത്തിലാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം 19ന് ആണ് ഇയാൾ ഡൽഹി വിമാനത്താവളത്തിൽനിന്നും വിദേശത്തേക്ക് കടന്നതെന്ന് പൊലീസ് കണ്ടെത്തി. കൊയിലാണ്ടി കടപ്പുറത്ത് മൃതദേഹം കണ്ടെത്തിയതിന് പിന്നാലെയാണ് സ്വാലിഹ് വിദേശത്തേക്ക് രക്ഷപ്പെട്ടത്. ഇതിനിടെ കൊല്ലപ്പെട്ട ഇർഷാദ് അവസാനമായി സഹോദരൻ അർഷാദുമായി നടത്തുന്ന ഫോൺ സംഭാഷണം പുറത്തുവന്നു. എങ്ങനെയെങ്കിലും പണം നൽകി തന്നെ രക്ഷിക്കണമെന്നാണ് ഇർഷാദ് ആവശ്യപ്പെടുന്നത്. സംഭവത്തിൽ ഇതുവരെ നാലു പേരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒരാൾ കണ്ണൂർ സ്വദേശിയും മറ്റ് മൂന്ന് പേർ വയനാട് സ്വദേശികളുമാണ്. .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.