ചുവപ്പ് ജാഗ്രത: ആശങ്കയൊഴിഞ്ഞ ബുധൻ

കോഴിക്കോട്​: ജില്ലയിൽ അതിശക്​തമായി മഴ പെയ്യുമെന്ന പ്രവചനത്തെ തുടർന്ന്​ വലിയ മുന്നൊരുക്കം നടത്തി​യെങ്കിലും ബുധനാഴ്ച കാര്യമായ മഴക്കെടുതികൾ ഉണ്ടാവാത്തത്​ ആശ്വാസമായി. ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ ജില്ലയിൽ പ്രഖ്യാപിച്ച ചുവപ്പ്​ ജാഗ്രത ബുധനാഴ്ച രാവിലെയോടെ പിൻവലിച്ച്​ ഓറഞ്ചാക്കുകയും ചെയ്തു. തെക്കൻ ജില്ലകൾക്ക്​ പിന്നാലെ ബുധനാഴ്ച വടക്കൻ ജില്ലകളിൽ അതിശക്​തമായ മഴയുണ്ടാവുമെന്ന്​ കാലാവസ്ഥ വകുപ്പ്​ അറിയിച്ചതിനാൽ വലിയ സുരക്ഷാമുന്നൊരുക്കമാണ്​ ജില്ല ഭരണകൂടം നടത്തിയിരുന്നത്​. എന്നാൽ, അടിവാരം ഉൾപ്പെടെ മലയോരമേഖലയിൽ മഴ ​ഉണ്ടായത് ഒഴിച്ചാൽ ശാന്തമായ കാലാവസ്ഥയായിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്​ കലക്ടർ അവധി പ്രഖ്യാപിച്ചതിനുപിന്നാലെ യൂനിവേഴ്​സിറ്റികൾ പരീക്ഷകളടക്കം മാറ്റുകയും ചെയ്തിരുന്നു. മാത്രമല്ല, ആവശ്യമായ സ്ഥലങ്ങളിലെല്ലാം ദുരിതാശ്വാസ ക്യാമ്പുകളും കൺട്രോൾ റൂമുകളും തുടങ്ങാൻ ജില്ലയുടെ ചുമതലയുള്ള മന്ത്രി പി.എ. മുഹമ്മദ്​ റിയാസ്​ തന്നെ അവലോകന യോഗത്തിൽ ബന്ധപ്പെട്ടവർക്ക്​ നിർദേശവും നൽകിയിരുന്നു. മലയോരമേഖലയിലെ ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവരോട്​ മാറിത്താമസിക്കാനും പറഞ്ഞു. തീര​മേഖലകളിൽ കഴിയുന്നവർക്ക്​ ജാഗ്രത നിർദേശവും നൽകി. നേരത്തെ മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിൽ വ്യാഴാഴ്ചയും അധികൃതർ ജാഗ്രതയിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.