മണ്ണിടിച്ചിൽ ഭീഷണി; ടിപ്പറുകൾ ചുരത്തിൽ നിയന്ത്രിക്കണമെന്ന്​ ആവശ്യം

സ്വന്തം ലേഖകൻ കോഴിക്കോട്​: മഴയും ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ ഭീഷണിയും തുടരുന്ന സാഹചര്യത്തിൽ താമരശ്ശേരി ചുരത്തിൽ അമിത ഭാരം വഹിച്ചുള്ള കൂറ്റൻ ടോറസ് -ടിപ്പറുകൾ നിയന്ത്രിക്കണമെന്ന ആവശ്യം ശക്​തമായി. മുൻവർഷങ്ങളിൽ കനത്ത മഴയുണ്ടാകുമ്പോൾ അപകട സാധ്യത ഒഴിവാക്കാനായി വലിയ വാഹനങ്ങൾക്ക്​ കോഴിക്കോട്​, വയനാട്​ ജില്ല ഭരണകൂടങ്ങൾ നിയന്ത്രണങ്ങൾ ഏ​ർപ്പെടുത്താറുണ്ട്​. എന്നാൽ, ഇത്തവണ അധികൃതർ ഭീഷണി കണ്ടില്ലെന്ന്​ നടിക്കുകയാണെന്നാണ്​ പരാതി​. മലയോരമേഖലയിലാകെ ഉരുൾ​പൊട്ടൽ, മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്ന സാഹചര്യമാണുള്ളത്​. ചുരത്തിൽ തന്നെ അടുത്ത ദിവസങ്ങളിലായി ചെറിയതോതിൽ മണ്ണിടിച്ചിലും മരം കടപുഴകലുമെല്ലാമുണ്ടായിട്ടുണ്ട്​. ഈ സാഹചര്യത്തിൽ കൂടുതൽ അപകടം ഒഴിവാക്കാൻ​ അമിത ഭാരം കയറ്റുന്ന ടോറസ്​ ടിപ്പറുകൾക്ക്​ നിയന്ത്രണം വേണമെന്നാണ്​ ആവശ്യം. കഴിഞ്ഞ വേനലിൽ ചുരത്തിലെ പാറക്കല്ല്​ അടർന്നുവീണ്​ ബൈക്ക്​ യാ​ത്രികൻ മരിച്ചിരുന്നു. മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ അമിതഭാരം കയറ്റിയുള്ള വാഹനങ്ങൾ കടന്നുപോകുമ്പോൾ​ റോഡിനിരുവശവും പ്രകമ്പനമുണ്ടാവുന്നത്​ മണ്ണും കല്ലും അടർന്നുവീഴാനിടയാക്കുമെന്നാണ്​ ചൂണ്ടിക്കാണിക്കപ്പെടുന്നത്​. മുക്കം മേഖലയിൽനിന്നും മെറ്റൽ, ബോളർ, എംസാന്‍റ്​, പി സാന്‍റ്​ അടക്കമുള്ളവ വയനാടിന്‍റെ വിവിധ ഭാഗങ്ങളിലെത്തിക്കാനാണ്​ രാപ്പകൽ വ്യത്യാസമില്ലാതെ 12 ചക്രങ്ങൾ വരെയുള്ള കൂറ്റർ ലോറികൾ സർവിസ്​ നടത്തുന്നത്​. അമിതഭാരം കയറ്റുന്ന വാഹനങ്ങൾ പകൽ സമയങ്ങളിൽതന്നെ ഭീഷണിയാണെന്നിരിക്കെ കടുത്ത മഴയുള്ളപ്പോൾ ഇവ നിയന്ത്രിക്കണമെന്നാണ്​ ആളുകളുടെ ആവശ്യം. മഴകാരണം വയനാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾവരെ അടച്ചിട്ടും അമിതഭാര വാഹനങ്ങൾക്ക് നിയന്ത്രണമില്ല. വയനാട് കലക്ടർ, എം.എൽ.എമാർ എന്നിവരടക്കമുള്ളവർക്ക് മുമ്പാകെ ചിലർ ഈ വിഷയം ഉന്നയിച്ചെങ്കിലും പരിശോധിക്കാമെന്നും ചുരം കോഴിക്കോട് ജില്ലയിലായതിനാൽ കോഴിക്കോട്ടെ ഭരണകൂടമാണ്​ നടപടി സ്വീകരിക്കേണ്ടതെന്നുമായിരുന്നു മറുപടി. ടോറസ്​ ലോറികൾ നിയന്ത്രിക്കാത്തതിനുപിന്നിൽ ക്വാറി ഉടമകളും അധികൃതരും തമ്മിലുള്ള ഒത്തുകളിയാണെന്നും ആരോപണമുണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.