ക്ഷേത്രജീവനക്കാരെ ആക്രമിച്ച സംഭവം: ഒരാൾകൂടി അറസ്റ്റിൽ

കണ്ണൂർ: കിഴുത്തള്ളി ഉമാമഹേശ്വര ക്ഷേത്രത്തില്‍ കയറി ജീവനക്കാരനെ ആക്രമിച്ച സംഭവത്തില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകൻകൂടി അറസ്റ്റില്‍. കിഴുത്തള്ളിയിലെ മുള്ളങ്കണ്ടി ഹൗസിൽ എം. ഷിജിലിയെയാണ് (45) ടൗൺ സി.ഐ ശ്രീജിത് കൊടേരിയും സംഘവും അറസ്റ്റ് ചെയ്തത്. ഇതോടെ പിടിയിലായവരുടെ എണ്ണം അഞ്ചായി. കിഴുത്തള്ളി സ്വദേശികളായ ടി.കെ. മനോജ് (53), ടി.കെ. പ്രജില്‍ (31), തോട്ടട സ്വദേശി ടി. സുകേഷ് (46), പ്രസാദ്‌ എന്നിവർ നേരത്തേ അറസ്റ്റിലായിരുന്നു. ഈ മാസം അഞ്ചിന് വൈകീട്ട് ക്ഷേത്രത്തിലെത്തിയ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കൗണ്ടറിലെ ക്ലർക്ക് പെരളശേരി സ്വദേശി വി. ഷിബിനെയും തടയാൻ ശ്രമിച്ച ക്ഷേത്രം സെക്രട്ടറി ശ്രീജിത്തിനെയും വനിത ജീവനക്കാരി മിനി​യെയും ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ് ചികിത്സയിലായ ഷിബിന്റെ പരാതിയിലാണ് ഏഴുപേര്‍ക്കെതിരെ കേസെടുത്തത്. ക്ഷേത്ര ഭരണസമിതിയും സമാന്തര സമിതിയും തമ്മിലെ തർക്കമാണ് അക്രമത്തിലേക്ക് നയിച്ചത്. മറന്നുവെച്ച പഴ്സ് ഓഫിസിൽ ഏൽപിക്കാതെ നേരിട്ട് തിരിച്ചുകൊടുത്തതുമായി ബന്ധപ്പെട്ട വിഷയമാണ് സംഘർഷത്തിന് കാരണം. ഡി.വൈ.എഫ്.ഐ പെരളശ്ശേരി അമ്പലനട യൂനിറ്റ് സെക്രട്ടറിയാണ് ഷിബിന്‍. അക്രമ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. സംഭവത്തിൽ ഇനിയും പ്രതികളെ പിടികൂടാനുണ്ട്. photo: prethy shijil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.