കൂട്ടാലിട: ചെങ്ങോടുമലയിൽ കരിങ്കൽ ഖനനത്തിനുള്ള ഡെൽറ്റ റോക്സ് പ്രൊഡക്ട് ലിമിറ്റഡിന്റെ അപേക്ഷ സംസ്ഥാന പാരിസ്ഥിതികാഘാത വിലയിരുത്തൽ സമിതി (സിയ) തള്ളി. ഇതോടെ നാലര വർഷമായി ഒരുനാട് ഒറ്റക്കെട്ടായി നടത്തിയ സമരത്തിന് അന്തിമവിജയമായി. 2021 ജൂലൈയിൽ സംസ്ഥാന വിദഗ്ധ വിലയിരുത്തൽ സമിതി ചെങ്ങോടുമല സന്ദർശിച്ച് തയാറാക്കിയ റിപ്പോർട്ടിൽ പരിസ്ഥിതി ദുർബലപ്രദേശമായ ഇവിടെ ഖനനം പാടില്ലെന്നും അതുകൊണ്ട് അപേക്ഷ തള്ളണമെന്നും സിയക്ക് ശിപാർശ നൽകിയിരുന്നു. ക്വാറി ഉടമയെ കേട്ട ശേഷം ഈ ശിപാർശ സിയയുടെ 114ാമത്തെ യോഗത്തിൽ അംഗീകരിക്കുകയായിരുന്നു. കോട്ടൂർ പഞ്ചായത്തിലെ ചെങ്ങോടുമലയിൽ 100 ഏക്കറിലധികം സ്ഥലമാണ് ക്വാറി കമ്പനി വാങ്ങിയത്. മഞ്ഞൾകൃഷിക്കെന്ന വ്യാജേന ക്വാറിക്ക് അനുമതി സംഘടിപ്പിക്കുകയായിരുന്നു ലക്ഷ്യം. ഇത് തിരിച്ചറിഞ്ഞ നാട്ടുകാർ 2018 ഫെബ്രുവരിയിൽ ആക്ഷൻ കമ്മിറ്റിയുണ്ടാക്കി സമരത്തിനിറങ്ങി. ജില്ല പാരിസ്ഥിതി കാഘാത വിലയിരുത്തൽ സമിതി അനധികൃതമായി ഖനനത്തിന് നൽകിയ അനുമതി ശക്തമായ ജനകീയ സമരത്തിലൂടെയും നിയമനടപടികളിലൂടെയും സമരസമിതി മരവിപ്പിച്ചു. പിന്നീട് സംസ്ഥാന പാരിസ്ഥിതികാഘാത വിലയിരുത്തൽ സമിതി മുമ്പാകെ നൽകിയ അപേക്ഷയാണ് ഇപ്പോൾ തള്ളിയിരിക്കുന്നത്. അതിനിടെ സംസ്ഥാനത്തെ സമിതിയുടെ കാലാവധി കഴിഞ്ഞപ്പോൾ കമ്പനി കേന്ദ്രത്തെ സമീപിച്ചെങ്കിലും സമരസമിതിയുടെ തടസ്സഹരജി പരിഗണിച്ച് കേന്ദ്രം കമ്പനിയുടെ അപേക്ഷ പരിഗണിച്ചില്ല. സമരസമിതിയുടെ കൂടെ മുഴുവൻ രാഷ്ട്രീയപാർട്ടികളും കോട്ടൂർ ഗ്രാമപഞ്ചായത്തും ശക്തമായി നിലകൊണ്ടിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പരിസ്ഥിതി പ്രവർത്തകരും സമരത്തിന് ശക്തമായ പിന്തുണ നൽകി. ഇനി നാടിന് കാവലായി ഒരു ഭീഷണിയും ഇല്ലാതെ ചെങ്ങോടുമല തല ഉയർത്തിപ്പിടിച്ചുനിൽക്കും. Photo: ചെങ്ങോടുമല
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.