ചെങ്ങോടുമല; നിശ്ചയദാർഢ്യത്തിന്റെ വിജയം.

കൂട്ടാലിട: കഴിഞ്ഞ നാലര വർഷക്കാലമായി ഒരു നാടിന്റെ നിതാന്ത ജാഗ്രതയാണ് ചെങ്ങോടുമല ഇന്നും തലയുയർത്തി നിൽക്കാൻ കാരണം. ഒരു മലയെ ക്വാറി മാഫിയയിൽനിന്നും സംരക്ഷിക്കാൻ ചരിത്രത്തിലിടം പിടിച്ച സമരമാണ് സമരസമിതിയുടെ നേതൃത്വത്തിൽ നടത്തിയത്. 2018 ഫെബ്രുവരിയിൽ നരയംകുളം മംഗൾ പാണ്ഡെ വായനശാലയിൽ രൂപവത്കരിച്ച സമരസമിതി പിന്നീട് കോട്ടൂർ പഞ്ചായത്ത് മുഴുവനും വ്യാപിച്ചു. പ്രത്യേക ഗ്രാമസഭകൾ വിളിച്ചു ചേർത്ത് ക്വാറി വേണ്ടെന്ന പ്രമേയം പാസാക്കി. എട്ടു ദിവസം നീണ്ടുനിന്ന കോട്ടൂർ പഞ്ചായത്തോഫീസ് ഉപരോധം, 14000ത്തോളം ആളുകളെ അണിനിരത്തി ചെങ്ങോടുമല സംരക്ഷണ വലയം, കോഴിക്കോട് കലക്റേറ്റിനു മുന്നിൽ ഒരുക്കിയ ചെങ്ങോടുമല സംരക്ഷണ സദസ്സ് തുടങ്ങിയ സമരപരമ്പരകൾക്കാണ് ചെങ്ങോടുമലയുടെ താഴ്വാരം സാക്ഷ്യം വഹിച്ചത്. ജനകീയ മുന്നേറ്റങ്ങൾക്കൊപ്പം നിയമനടപടികൾ സ്വീകരിച്ചും സമരസമിതി പഴുതടച്ച നീക്കം നടത്തിയപ്പോൾ കേരളത്തിലെത്തന്നെ വലിയ ക്വാറി കമ്പനിക്ക് അടിയറവു പറയേണ്ടി വന്നു. നിരവധി കേസുകളാണ് സമരഭടൻമാർക്ക് നേരിടേണ്ടി വന്നത്. അഞ്ചും ആറും കേസുകളിൽ ഉൾപ്പെട്ടവർ നിരവധിയാണ്. എല്ലാ രാഷ്ട്രീയ പാർട്ടികളേയും ഗ്രാമ പഞ്ചായത്തിനേയും ഒപ്പം നിർത്താൻ സമരസമിതിക്ക് കഴിഞ്ഞു. സമരസമിതിയിൽ ഭിന്നതകൾ ഉണ്ടാക്കാൻ ശ്രമം നടന്നെങ്കിലും അതിനെയെല്ലാം അതിജീവിക്കാൻ സമിതിക്ക് കഴിഞ്ഞു. പാരിസ്ഥിതികാനുമതി അപേക്ഷ തള്ളിയതിൽ ആഹ്ലാദം പ്രകടിപ്പിച്ച് നരയംകുളം സമരസമിതി പ്രകടനം നടത്തി. ഗ്രാമ പഞ്ചായത്തംഗം ടി.പി. ഉഷ, കല്പകശ്ശേരി ജയരാജൻ, സി.എച്ച്. രാജൻ, ആയാട്ട് ബിജു, എ.സി. സോമൻ, പൂവ്വലത്ത് മുരളി, വിപിന ബിജു, ഷിജില സജീവൻ എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.