കോഴിക്കോട്-കുറ്റ്യാടി റൂട്ടിൽ സ്വകാര്യ ബസ് മിന്നൽ പണിമുടക്ക്

പേരാമ്പ്ര: മിന്നൽ പണിമുടക്ക് നിയമവിരുദ്ധമായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കുറ്റ്യാടി-കോഴിക്കോട് റൂട്ടിലെ സ്വകാര്യ ബസ് ജീവനക്കാർക്ക് ഇതൊന്നും ബാധകമല്ല. മിന്നൽ പണിമുടക്ക് നടത്തി അവർ വീണ്ടും ജനങ്ങളെ പെരുവഴിയിലാക്കി. ഈ റൂട്ടിൽ വ്യാഴാഴ്ച രാവിലെയാണ് പണിമുടക്ക് തുടങ്ങിയത്. കഴിഞ്ഞ ദിവസം ചാലിക്കരയിലും അത്തോളിയിലും സ്വകാര്യ ബസ് കെ.എസ്.ആർ.ടി.സി ബസിനെ ബോധപൂർവം ഇടിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ സ്വകാര്യ ബസ് ഡ്രൈവർ സൂപ്പിക്കട സ്വദേശി സിദ്ദീഖിനെതിരെ പൊതുമുതൽ നശിപ്പിച്ചതിന് പേരാമ്പ്ര പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് ബസ് ജീവനക്കാർ സമരം നടത്തിയത്. വിദ്യാർഥികൾ ഉൾപ്പെടെ യാത്രക്കാർക്ക് വലിയ പ്രയാസമാണ് മിന്നൽസമരമുണ്ടാക്കിയത്. കുറ്റ്യാടി-കോഴിക്കോട് റൂട്ടിൽ സ്വകാര്യ ബസുകൾ നിരന്തരമായി നിസ്സാര കാരണങ്ങളുടെ പേരിൽ നടത്തുന്ന മിന്നൽ പണിമുടക്ക് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുകയാണെന്ന് ഡി.വൈ.എഫ്.ഐ ചൂണ്ടിക്കാട്ടി. നേരത്തേ ഉണ്ടായ വിഷയത്തിൽ പേരാമ്പ്ര പൊലീസിന്റെ സാന്നിധ്യത്തിൽ ചർച്ചയിൽ മിന്നൽ പണിമുടക്ക് അവസാനിപ്പിക്കണമെന്ന് തീരുമാനിച്ചതാണ്. എന്നാൽ, തീരുമാനത്തിന് വിരുദ്ധമായി വീണ്ടും ഇത്തരം സമരങ്ങൾ നടത്തുകയാണ്. മിന്നൽ പണിമുടക്കിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ പേരാമ്പ്രയിൽ പ്രതിഷേധം സംഘടിപ്പിച്ചു. ആർ. ബിനിൽ രാജ്, പി.സി. സജിദാസ്, കെ.പി. അഖിലേഷ്, അമൽജിത് എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.