ഗ്രീൻ ഫീൽഡ് ഹൈവേ; ആശങ്കകൾ പങ്കുവെച്ച് ഇരകളുടെ യോഗം

പന്തീരാങ്കാവ്: പാലക്കാട് - കോഴിക്കോട് ഗ്രീൻ ഫീൽഡ് ദേശീയപാതക്ക് വേണ്ടി കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ ആശങ്കകൾ പരിഹരിക്കണമെന്ന് പെരുമണ്ണ അമ്പിലോളിയിൽ ചേർന്ന ഇരകളുടെ കൂട്ടായ്മ ആവശ്യപ്പെട്ടു. നിലവിലെ അലൈൻമെന്റിലെ അശാസ്ത്രീയത പരിഹരിച്ച് പുതിയ അലൈൻമെന്റ് പ്രഖ്യാപിക്കുക, ആരാധനാലയങ്ങൾ സംരക്ഷിക്കുക, കുടിയൊഴിപ്പിക്കപ്പെടുന്നവർക്ക് അതത് സ്ഥലത്ത് തന്നെ പുനരധിവാസം ഉറപ്പാക്കുക, പരമാവധി നഷ്ടപരിഹാരം നൽകുക, ദേശീയ പാതക്ക് സ്ഥലമെടുത്ത് കുറഞ്ഞ സ്ഥലം മാത്രം ബാക്കിയാവുന്നവരുടെ ഭൂമി പൂർണമായും ഏറ്റെടുത്ത് നഷ്ടപരിഹാരം ഉറപ്പിക്കുക തുടങ്ങിയവയാണ് ആവശ്യങ്ങൾ. നേരത്തെ വിജ്ഞാപനം ചെയ്തതിൽ നിന്നും വ്യത്യസ്തമായി വീടുകളും ആരാധനാലയങ്ങളും നഷ്ടപ്പെടുന്ന വിധത്തിൽ അരമ്പച്ചാലിൽ, അമ്പിലോളി ഭാഗങ്ങളിൽ ഇതര സംസ്ഥാന തൊഴിലാളികൾ മാത്രമടങ്ങുന്ന ടീം അതിർത്തി നിർണയം നടത്തിയിരുന്നു. വിജ്ഞാപനത്തിലെ സർവേകളിലല്ല അതിരിടൽ നടത്തിയതെന്ന് പരാതി ഉയർത്തിയാണ് ഭൂമി നഷ്ടപ്പെടുന്നവരുടെ യോഗം ചേർന്നത്. പെരുമണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷാജി പുത്തലത്ത് കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. എം. സമീറ അധ്യക്ഷത വഹിച്ചു. രഞ്ജിത്ത് അരമ്പച്ചാലിൽ, അഡ്വ.സി.കെ. അതുൽ, ദിനേഷ് പെരുമണ്ണ, സി.കെ. വേലായുധൻ, വി.പി. കബീർ, കെ. നിത്യാനന്ദൻ, പി. നാസർ തുടങ്ങിയവർ സംസാരിച്ചു. ആക്ഷൻ കമ്മിറ്റി ഭാരവാഹികളായി കെ.ടി. മൂസ (ചെയർ.), രഞ്ജിത്ത് അരമ്പച്ചാലിൽ (ജന.കൺ.) എന്നിവരെ തിരഞ്ഞെടുത്തു. പ്രദേശവാസികളുടെ പരാതിയെ തുടർന്ന് നാഷനൽ ഹൈവേ ലാൻഡ് അക്വിസിഷൻ വിഭാഗം ഡെപ്യൂട്ടി കലക്ടർ പി.എസ്. ലാൽചന്ദ് അതിരിടൽ താൽക്കാലികമായി സർവേ നിർത്തിവെച്ചിട്ടുണ്ട്. ചൊവ്വാഴ്ച റവന്യൂ അധികൃതർ പരാതി ഉയർന്ന സ്ഥലങ്ങൾ സന്ദർശിച്ച ശേഷമേ തുടർ പ്രവൃത്തികൾ ഉണ്ടാവൂ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.