ബഫർ സോണിനെതിരെ ചക്കിട്ടപാറയിൽ പ്രതിഷേധം

പേരാമ്പ്ര: സുപ്രീംകോടതിയുടെ ബഫർസോൺ വിധിക്കെതിരെ കർഷകർ ചക്കിട്ടപാറയിൽ റാലി നടത്തി. കോരിച്ചൊരിയുന്ന മഴയെ അവഗണിച്ച് അനേകം സ്ത്രീകളും യുവാക്കളും കുട്ടികളും റാലിയിൽ പങ്കെടുത്തു. പൊതുസമ്മേളനം കൂരാച്ചുണ്ട് ഫൊറോനാ പള്ളി വികാരി ഫാ. വിൻസന്റ് കണ്ടത്തിൽ ഉദ്ഘാടനം ചെയ്തു. മലയോര കർഷകരെ അവർ ജനിച്ചുവീണതും അധ്വാനിച്ചു വളർന്നതുമായ മണ്ണിൽനിന്ന് ആട്ടിപ്പായിക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ഇരട്ടത്താപ്പ് നയം കർഷക ജനത മനസ്സിലാക്കിക്കഴിഞ്ഞതായി അദ്ദേഹം ചൂണ്ടിക്കാട്ടി. പട്ടിക്കു കൊടുക്കുന്ന വില പോലും മനുഷ്യർക്കു നൽകാതിരിക്കുന്ന അധികാരവർഗങ്ങൾ പുലർത്തുന്ന നീതികേട് അംഗീകരിക്കാനാവില്ല. പണം കൈപ്പറ്റി മുതലക്കണ്ണീരൊഴുക്കുന്നവർ ഹർത്താൽ നടത്തുകയല്ല വേണ്ടത് മറിച്ച്, ഇച്ഛാശക്തി പ്രകടിപ്പിച്ച് കർഷക രക്ഷക്കായി കർമനിരതരായി നിലകൊള്ളുകയാണു വേണ്ടതെന്നും ഫാ. വിൻസെന്റ് പറഞ്ഞു. വി. ഫാം കർഷക സംഘടന ചെയർമാൻ ജോയി കണ്ണഞ്ചിറ അധ്യക്ഷത വഹിച്ചു. ചക്കിട്ടപാറ പള്ളി വികാരി ഫാ. മിൽട്ടൺ മുളങ്ങാശേരി, പ്രഫ. ചാക്കോ കാളാംപറമ്പിൽ, അഡ്വ. സുമിൻ എസ്. നെടുങ്ങാടൻ, റോണി ചാക്കോ, ബാബു കൂനന്തടത്തിൽ, ബാബു പുതുപ്പറമ്പിൽ, സെമിലി സുനിൽ എന്നിവർ സംസാരിച്ചു. Photo: ബഫർ സോണിനെതിരെ ചക്കിട്ടപാറയിൽ നടന്ന റാലി പടം: ബഫർ സോൺ പ്രശ്നത്തിൽ മലയോര ജനതയെ ദ്രോഹിക്കുന്നത് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ചക്കിട്ടപാറയിൽ നടന്ന കർഷക റാലിയുടെ മുൻനിര

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.