ചാത്തുണ്ണി മാസ്റ്റർ പാർട്ടി പ്രവർത്തകരെ നിലവാരത്തിലെത്തിച്ചു -മുഖ്യമന്ത്രി

കോഴിക്കോട്​: കമ്യൂണിസ്റ്റ്​ രാഷ്​ട്രീയത്തിലും നിയമസഭാംഗമായും രാജ്യസഭാംഗമായും നല്ലരീതിയിൽ പ്രവർത്തനം കാഴ്ചവെച്ച നേതാവായിരുന്നു കെ. ചാത്തുണ്ണി മാസ്റ്ററെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. പ്രമുഖ സി.പി.എം നേതാവായിരുന്ന ചാത്തുണ്ണി മാസ്റ്ററുടെ 'ഓർമകളടങ്ങിയ സഖാവ്‌ കെ. ചാത്തുണ്ണി മാസ്റ്റർ' എന്ന പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. പാർട്ടി പ്രവർത്തകരെ ആശയപരമായി നിലവാരത്തിലെത്തിക്കുന്നതിലും അദ്ദേഹം സജീവമായ സംഭാവന നൽകിയിട്ടുണ്ടെന്ന്​ മുഖ്യമന്ത്രി പറഞ്ഞു. കർഷകപ്രസ്ഥാനം ​കെട്ടിപ്പടുക്കുന്നതിൽ ചാത്തുണ്ണി മാസ്റ്റർ പ്രധാന പങ്കുവഹിച്ചു. ജനകീയമായി സിനിമ നിർമിക്കുന്നതിനായി ജനശക്​തി ഫിലിംസ്​ സ്ഥാപിച്ചതുമായി ബന്ധ​പ്പെട്ട്​ പാർട്ടിയിൽ പ്രശ്​നങ്ങൾ ഉയർന്നുവന്നതിനെ തുടർന്നാണ്​ അദ്ദേഹത്തെ പുറത്താ​ക്കേണ്ടിവന്നത്. ചെറുതെങ്കിലും സ്ഥിരവരുമാനമുള്ള അധ്യാപകജോലി ഉപേക്ഷിച്ച്​, സമൂഹത്തിലെ അനീതിയെ ചോദ്യംചെയ്യാനും എതിർക്കാനും തയാറായാണ്‌ ചാത്തുണ്ണി മാസ്റ്റർ കമ്യൂണിസ്റ്റ്‌ പാർട്ടി പ്രവർത്തനത്തിൽ എത്തുന്നത്‌. പലതരത്തിലുള്ള ചരിത്രഘട്ടത്തെ അടയാളപ്പെടുത്തുന്ന പുസ്തകം വരുംതലമുറക്കും സഹായകമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മേയർ ഡോ. ബീന ഫിലിപ് അധ്യക്ഷയായിരുന്നു. സി.പി.എം ജില്ല സെക്രട്ടറി പി. മോഹനൻ പുസ്തകം ഏറ്റുവാങ്ങി. കേളുവേട്ടൻ പഠന ഗവേഷണകേന്ദ്രം ഡയറക്ടർ കെ.ടി. കുഞ്ഞിക്കണ്ണൻ പരിചയപ്പെടുത്തി. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ, ടി.പി. ദാസൻ, വി.കെ.സി. മമ്മദ്‌കോയ, അഡ്വ. ഇ.കെ. നാരായണൻ, അഡ്വ. കെ. ജയരാജൻ എന്നിവർ സംസാരിച്ചു. അഡ്വ. കെ.പി. അശോക്‌ കുമാർ സ്വാഗതവും അഡ്വ. യു.കെ. രാജൻ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.