കൂളിമാട്: നിർമാണത്തിനിടെ കൂളിമാട് കടവ് പാലത്തിന്റെ ബീം തകർന്നുവീണ സംഭവത്തിൽ കരാർ കമ്പനിക്കും ഉദ്യോഗസ്ഥർക്കും വീഴ്ചയെന്ന് പൊതുമരാമത്ത് വിജിലൻസിന്റെ റിപ്പോർട്ട്. മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ നിർദേശപ്രകാരം പൊതുമരാമത്ത് വിജിലൻസ് വിഭാഗം ഡെപ്യൂട്ടി ചീഫ് എൻജിനീയർ എം. അൻസാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തി ബുധനാഴ്ച റിപ്പോർട്ട് സമർപ്പിച്ചത്. ബീം നിലംപതിച്ച സംഭവത്തിൽ കരാർ കമ്പനിക്കും പാലം നിർമാണത്തിന്റെ മേൽനോട്ടച്ചുമതലയുള്ള എൻജിനീയർമാർക്കും വീഴ്ചയുണ്ടായെന്നാണ് റിപ്പോർട്ടിലുള്ളത്. മലപ്പുറം-കോഴിക്കോട് ജില്ലകളെ ബന്ധിപ്പിച്ച് ചാലിയാറിനുകുറുകെ നിർമിക്കുന്ന പാലത്തിന്റെ മൂന്ന് ബീമുകൾ മേയ് 16ന് രാവിലെയാണ് തകർന്നുവീണത്. മലപ്പുറം ജില്ലയിൽ മപ്രത്ത് കരയോടുചേർന്ന ബീമുകളാണ് വീണത്. ഹൈ നിർമാണത്തിന്റെ ചുമതലയുള്ള അസി. എക്സിക്യൂട്ടിവ് എൻജിനീയറും അസി. എൻജിനീയറും സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്നില്ല. സുപ്രധാന പ്രവൃത്തി നടക്കുമ്പോൾ ഇവർ സുൽത്താൻ ബത്തേരിയിൽ എൻജിനീയർമാരുടെ സംഘടനയുടെ സംസ്ഥാന പരിപാടിയിൽ പങ്കെടുക്കുകയായിരുന്നെന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു. പകരം എൻജിനീയർമാർക്ക് ചുമതല നൽകിയിരുന്നില്ല. കരാറുകാരായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ ജീവനക്കാർ മാത്രമാണ് ഉണ്ടായിരുന്നത്. ഹൈഡ്രോളിക് ജാക്കി ഉപയോഗിച്ച് ബീമുകൾ ഘടിപ്പിക്കാനായി ഉയർത്തുമ്പോൾ ജാക്കിയിലൊന്ന് തകരാറിലായതാണ് ബീമുകൾ വീഴാൻ കാരണമായതെന്നാണ് കരാറുകാരുടെ വിശദീകരണം. സംഭത്തെതുടർന്ന് ഇപ്പോൾ പ്രവൃത്തി നിർത്തിവെച്ചിരിക്കുകയാണ്. തകർന്ന ബീമുകൾ നീക്കുന്നതടക്കമുള്ള പ്രവൃത്തികൾ അന്വേഷണം പൂർത്തിയായശേഷം തുടങ്ങിയാൽ മതിയെന്നാണ് നിർദേശം. അന്വേഷണ റിപ്പോർട്ട് പരിശോധിച്ച് ഉടൻ നടപടിയെടുക്കുമെന്ന് വകുപ്പ് സെക്രട്ടറി അജിത്ത് കുമാർ പറഞ്ഞു. box റിപ്പോർട്ടിൽ കൂടുതൽ വ്യക്തത തേടി മന്ത്രി കൂളിമാട്: കൂളിമാട് പാലത്തിന്റെ ബീം തകർന്ന സംഭവത്തിൽ പൊതുമരാമത്ത് വിജിലൻസ് വിഭാഗം സമർപ്പിച്ച റിപ്പോർട്ടിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസ് കൂടുതൽ വ്യക്തത തേടി. അപകടത്തിന് കാരണം ഹൈഡ്രോളിക് ജാക്കിയുടെ തകരാറോ മാനുഷിക പിഴവോ ആണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ, ഇതിൽ കാരണം ഏതെന്ന് കൃത്യമായി വ്യക്തമാക്കണമെന്നാണ് മന്ത്രി ആവശ്യപ്പെട്ടത്. മാനുഷിക പിഴവാണെങ്കിൽ നൈപുണ്യമുള്ള തൊഴിലാളികളുടെ സേവനം ഉറപ്പാക്കാത്തതുകാരണമാണോയെന്നും സുരക്ഷ മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചിരുന്നോ എന്നും വ്യക്തമാക്കണം. ഇക്കാര്യങ്ങൾ പരിശോധിച്ച് കൂടുതൽ വ്യക്തമായ റിപ്പോർട്ട് ഉടൻ സമർപ്പിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.