പൂനൂർ: കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാന പാതയിൽ പൂനൂർ പെരിങ്ങളം വയലിൽ പൊതുമരാമത്ത് റോഡിന്റെ നവീകരണ പ്രവൃത്തി ഇഴയുന്നു. പാത നവീകരണത്തിന്റെ ഭാഗമായി നടക്കുന്ന ഓവുചാലിന്റെയും കലുങ്കിന്റെയും പ്രവൃത്തിയാണ് പാതിവഴിയിൽ നിർത്തിയത്. മാസങ്ങൾക്കു മുമ്പാണ് തിരക്കേറിയ റോഡ് നവീകരണം ആരംഭിച്ചത്. എന്നാൽ, പെരിങ്ങളം വയൽ കലുങ്ക് നിർമാണം എങ്ങുമെത്താതെ ഇഴഞ്ഞുനീങ്ങുകയാണ്. തിരക്കേറിയ ഈ റോഡിന്റെ പകുതിയിലധികം ഭാഗം വെട്ടിപ്പൊളിച്ച് പ്രവൃത്തി ആരംഭിച്ചിട്ടുണ്ടെങ്കിലും മറ്റു കാര്യങ്ങൾ എങ്ങുമെത്താതെ കിടക്കാൻ തുടങ്ങിയിട്ടു മാസങ്ങളായി. ഇതുവഴി കടന്നു പോകുന്ന വാഹനങ്ങൾ ഗതാഗതക്കുരുക്കിൽപ്പെടുന്നത് നിത്യ സംഭവമായി. കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ വിവിധ പട്ടണങ്ങളിലേക്കും ഇതര സംസ്ഥാനങ്ങളിലേക്കും ദീർഘദൂര ബസുകൾ, ചരക്കു വാഹനങ്ങൾ തുടങ്ങിയവ കടന്നു പോകുന്ന റോഡാണിത്. കഴിഞ്ഞ ദിവസങ്ങളിൽ പാത കടന്നുപോകുന്ന ഉണ്ണികുളം പഞ്ചായത്തിലെ കേളോത്ത് മുതൽ പൂനൂർവരെ മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. പലയിടത്തും വാഹനങ്ങൾ ഇഴഞ്ഞു നീങ്ങുകയായിരുന്നു. പല ഭാഗത്തും രണ്ടും മൂന്നും കിലോമീറ്റർ ദൂരത്തിൽ വാഹനങ്ങൾ കുടുങ്ങി. ശക്തമായ മഴയെ തുടർന്ന് റോഡിന്റെ നിർമാണ പ്രവൃത്തികൾ നടക്കുന്ന ഭാഗങ്ങളിൽ വെള്ളം കെട്ടിനിന്ന് കുണ്ടും കുഴിയും രൂപപ്പെട്ടത് യാത്രക്കാരെ കൂടുതല്‍ ദുരിതത്തിലാക്കുന്നു. റോഡിന്റെ നിലവിലെ അവസ്ഥ കാരണം കടകളിലേക്ക് സാധനങ്ങൾ വാങ്ങാൻ ആർക്കും വരാൻ കഴിയാത്ത അവസ്ഥയാണെന്ന് പെരിങ്ങളം വയലിലെ കടയുടമ രാജൻ പറഞ്ഞു. ആറു മാസത്തിലധികമായി വ്യാപാരികൾ ദുരിതം പേറുകയാണ്. ഈ ഭാഗത്ത് റോഡിൽ കാൽനടയാത്രപോലും ദുസ്സഹമാണ്. എല്ലാവര്‍ഷവും മഴക്കാലമായാല്‍ ഇവിടെ വെള്ളം തളംകെട്ടി കിടക്കുന്നത് പതിവു കാഴ്ചയാണ്. പാതയുടെ ഇരു ഭാഗത്തും വെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനം ഇല്ലാത്തതാണ് വെള്ളക്കെട്ടിന് പ്രധാന കാരണം. വെള്ളം ഒഴുകി പോവാതെ റോഡിലൂടെ പരന്നൊഴുകുകയാണ്. ഗതാഗത കുരുക്ക് പതിവായതോടെ ഈ റൂട്ടിൽ ഓടുന്ന സ്വകാര്യ ബസുകൾക്ക് സമയക്രമം പാലിക്കാൻ കഴിയുന്നില്ല. അതിനാൽ ബസുകൾ എസ്റ്റേറ്റ് മുക്ക് രാജഗിരിവഴി തിരിഞ്ഞു ഉമ്മിണികുന്ന് വഴി പൂനൂരിലേക്ക് പോകുന്നതിനാൽ കേളോത്ത്, പെരിങ്ങളം ഭാഗങ്ങളിലെ യാത്രക്കാർക്കും ദുരിതമായി. എത്രയും പെട്ടെന്ന് പണികൾ പൂർത്തിയാക്കുന്നതിന് ആവശ്യമായ ഇടപെടലുകൾ രാഷ്ട്രീയകക്ഷികളും അധികാരികളും നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. POONOOR 666 : സംസ്ഥാന പാതയില്‍ പൂനൂർ പെരിങ്ങളം വയൽ ഭാഗത്ത് ചൊവ്വാഴ്ച വൈകുന്നേരം വാഹനങ്ങള്‍ ഗതാഗതക്കുരുക്കില്‍പെട്ടപ്പോള്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.