മുട്ടില്‍ മരംമുറി: പിടിച്ചെടുത്ത മരങ്ങള്‍ വനംവകുപ്പ് കണ്ടുകെട്ടി

കല്‍പറ്റ: മുട്ടില്‍ മരംമുറി കേസുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത മരങ്ങള്‍ വനംവകുപ്പ് കണ്ടുകെട്ടി. അനധികൃത ഈട്ടി മരംവെട്ടലുമായി ബന്ധപ്പെട്ട 11 കേസുകളിലെ തടികളാണ് സര്‍ക്കാറിലേക്ക് നടപടി പൂര്‍ത്തിയാക്കി കണ്ടുകെട്ടിയത്. ബാക്കി 24 കേസുകളില്‍ വനംവകുപ്പിന്‍റെ നടപടി തുടരുകയാണ്​. സൗത്ത് വയനാട് ഡി.എഫ്.ഒ എ. ഷജ്​നയാണ് കണ്ടുകെട്ടല്‍ ഉത്തരവിറക്കിയത്. കുപ്പാടി വനംഡിപ്പോയില്‍ സൂക്ഷിച്ച 11 കേസുകളിലെ ലക്ഷങ്ങള്‍ വിലമതിക്കുന്ന തടികളാണ് നടപടി പൂര്‍ത്തിയാക്കി സര്‍ക്കാറിലേക്ക് കണ്ടുകെട്ടിയത്. പ്രതികളില്‍നിന്ന് നേരത്തേ പിടിച്ചെടുത്ത മരങ്ങള്‍ മാസങ്ങളായി വനംവകുപ്പ് ഡിപ്പോയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. വാഴവറ്റയില്‍നിന്ന് മുറിച്ച് കഷണങ്ങളാക്കിയ മരത്തടികള്‍ സര്‍ക്കാര്‍ കണ്ടുകെട്ടണമെന്ന് കാണിച്ച് നേരത്തേ മേപ്പാടി റേഞ്ച് ഓഫിസര്‍ സര്‍ക്കാറിലേക്ക് ശിപാര്‍ശ നല്‍കിയിരുന്നു. തുടര്‍ന്നാണ്​ ഡി.എഫ്.ഒ മരം കണ്ടുകെട്ടി ഉത്തരവിറക്കിയത്. കേസിലെ പ്രധാന പ്രതികളും സഹോദരങ്ങളുമായ റോജി അഗസ്റ്റിന്‍, ആന്‍റോ അഗസ്റ്റിന്‍, ജോസൂട്ടി അഗസ്റ്റിന്‍ എന്നിവര്‍ വാഴവറ്റ, ആവിലാട്ടുകുന്ന്, സ്വര്‍ഗംകുന്ന് തുടങ്ങിയ പ്രദേശങ്ങളിലെ 25 സ്ഥലമുടമകളെ, സര്‍ക്കാറില്‍നിന്ന് അനുമതി ലഭിച്ചിട്ടുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് വീട്ടിമരങ്ങള്‍ മുറിച്ച് കടത്തുകയായിരുന്നു. മരങ്ങള്‍ കണ്ടുകെട്ടുന്നതുമായി ബന്ധപ്പെട്ട് പ്രതികള്‍ക്ക് നേരത്തേ നോട്ടീസ് നല്‍കിയിരുന്നെങ്കിലും ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ കഴിഞ്ഞിരുന്നില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.