സഹകരണ മേഖലയിൽ സെക്യൂരിറ്റി സർവിസ് ആരംഭിക്കുന്നു

വടകര: സ്വകാര്യ മേഖലയിൽ നിലനിൽക്കുന്ന ചൂഷണത്തിനെതിരെ കോഴിക്കോട് ഡിസ്ട്രിക്ട് പൊലീസ് എംപ്ലോയീസ് ആൻഡ് മൾട്ടി പർപ്പസ് കോഓപറേറ്റിവ് സൊസൈറ്റി വടകരയുടെ നേതൃത്വത്തിൽ സെക്യൂരിറ്റി സർവിസും ഹോം നഴ്സിങ്ങും ആരംഭിക്കുന്നതായി സംഘം ഭരണസമിതി അംഗങ്ങൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സെക്യൂരിറ്റി ജീവനക്കാർ, ഹോം നഴ്സ് എന്നിവർക്ക് മാന്യമായ വേതനവും അന്തസ്സും കാത്തുസൂക്ഷിക്കുന്നതിനും നല്ലരീതിയിലുള്ള ജീവനക്കാരുടെ സേവനം സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും നൽകുന്നതിനും ആവശ്യമായ കോഴ്‌സുകൾ നൽകി ഫോഴ്‌സിന്റെ അച്ചടക്കവും കരുത്തുമുള്ള ജീവനക്കാരെ നിയമിക്കുക എന്ന ലക്ഷ്യത്തോടെയാണ് സഹകരണ മേഖലയിൽ സെക്യൂരിറ്റി സർവിസ് ആരംഭിക്കുന്നതെന്ന് ഭരണസമിതി അംഗങ്ങൾ പറഞ്ഞു. 21-60 പ്രായമുള്ള സ്ത്രീകളും പുരുഷന്മാരും സെക്യൂരിറ്റി സർവിസ് ആവശ്യമുള്ള സ്ഥാപനങ്ങളും വ്യക്തികളും വടകര പുതിയ ബസ് സ്റ്റാൻഡിന് അടുത്തുള്ള മനോഹർ ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന സൊസൈറ്റിയുടെ ഓഫിസുമായി ബന്ധപ്പെടണമെന്ന് ഭാരവാഹികൾ പറഞ്ഞു. വാർത്തസമ്മേളനത്തിൽ സംഘം പ്രസിഡന്റ് എം.എം. സുദർശന കുമാർ, വൈസ് പ്രസിഡന്റ് കെ.ടി. നാണു, പി. വത്സരാജ് എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.