തെരുവുനായ് ശല്യം രൂക്ഷം; യാത്രക്കാർ പൊറുതിമുട്ടി

വടകര: തെരുവുനായ് ശല്യം രൂക്ഷമായതോടെ പൊറുതിമുട്ടി യാത്രക്കാർ. ടൗണിലും പരിസര പ്രദേശങ്ങളിലുമാണ് യാത്രചെയ്യാൻ പറ്റാത്ത വിധം തെരുവുനായ് ശല്യം രൂക്ഷമായത്. അടക്കാതെരുവിൽനിന്ന് ആരംഭിക്കുന്ന റോഡിൽ വയൽപീടിക എത്തുന്നതിനുമുമ്പായി റോഡിലും പുതുതായി നിർമിച്ച കെട്ടിടവരാന്തയിലുമാണ് നായ്ക്കൾ തമ്പടിച്ചത്. പത്തോളം പേരെ നായ്ക്കൾ ആക്രമിച്ചു. ആളുകളെ വളഞ്ഞിട്ട് ആക്രമിക്കുകയാണ് ചെയ്യുന്നത്. വയോധികർക്കും കുട്ടികൾക്കും കടിയേറ്റു. ഇരുചക്ര വാഹനങ്ങൾക്കുപിന്നാലെ ഓടുന്നതും അപകടത്തിൽപെടുന്നതും പതിവായി. നേരത്തേ നിർമാണത്തിൽ ഇരിക്കുന്ന വീടുകളിലാണ് നായ്ക്കൾ തമ്പടിച്ചിരുന്നതെങ്കിൽ ഇപ്പോൾ റോഡിൽ കൂട്ടമായാണ് കഴിയുന്നത്. വീടുകളുടെ ഗേറ്റിൽ കിടന്നുറങ്ങുന്നതും സ്ഥിരം കാഴ്ചയാണ്. വീട്ടുകാർ ഗേറ്റു തുറന്ന് അകത്തേക്ക് കടക്കാൻ ശ്രമിച്ചാൽ ആക്രമിക്കുന്ന സ്ഥിതിയാണ്. ചിലത് പ്രസവിച്ച് കുട്ടികളുമായി നടക്കുന്നതിനാൽ ആക്രമണകാരികളുമാണ്. ടൗണിൽനിന്നും ഇറച്ചി, മത്സ്യം ഉൾപ്പെടെ സാധനങ്ങളുമായി പോകുന്നവരെയാണ് നായ്ക്കൾ പ്രധാനമായും ലക്ഷ്യമിടുന്നത്. രാത്രി ഒറ്റക്കുപോകാൻ പറ്റാത്ത അവസ്ഥയാണ്. രാവിലെ ട്യൂഷൻ സെന്ററുകളിലേക്കും മദ്റസകളിലേക്കും വിദ്യാർഥികൾ ഭീതിയോടെയാണ് പോകുന്നത്. മാംസാവശിഷ്ടങ്ങൾ സംസ്കരിക്കാതെ വലിച്ചെറിയുന്നതാണ് നായ്ക്കൾ ടൗണുകൾ കേന്ദ്രീകരിക്കാൻ ഇടയാക്കുന്നത്. തെരുവുനായ് ശല്യത്തിന് പരിഹാരം കാണണമെന്ന് എ.ആർ നഗർ റസിഡന്റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.